മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം കഴിഞ്ഞ ദിവസം ഒരു നുണബോംബുമായി അരങ്ങിലെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മഹത്വവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളത്തെ സ്തംഭിപ്പിച്ച സോളാര്‍ സമരം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്നും താൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് സമകാലിക മലയാളം വാരികയില്‍ ജോൺ മുണ്ടക്കയം എഴുതിയത്.
https://www.facebook.com/share/v/jJUnR6guTCrGfr9R/?mibextid=oFDknk
മുണ്ടക്കയത്തിന്റെ ലേഖനത്തില്‍ നിന്ന്:
”സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍:
”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?”
ബ്രിട്ടാസ് ചോദിച്ചു.
‘എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം.
‘ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ’ എന്നു ഞാന്‍ ചൂണ്ടിക്കാട്ടി.
‘അതെ… അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി’ എന്നു ബ്രിട്ടാസ്.
നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ‘ശരി സംസാരിച്ചു നോക്കാം’ എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു.
‘പാർട്ടി തീരുമാനം ആണോ’ എന്ന് അദ്ദേഹം ചോദിച്ചു. ‘ആണെന്നണ് മനസ്സിലാകുന്നത് ‘എന്നു ഞാനും പറഞ്ഞു. എങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍.കെ പ്രേമചന്ദ്രന് യു.ഡി.എഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു.”
ജോണ്‍ മുണ്ടക്കയം പടച്ചുവിട്ട ഈ കഥയുടെ മറുവശം ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തുന്നു:
ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തിരക്കഥയാണെന്ന് ജോൺ ബ്രിട്ടാസ് എം പി പറയുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയവുമായി ബന്ധപ്പെട്ട് താൻ കൂടിക്കാഴ്ച നടത്തി എന്ന കാര്യം മാത്രം ഭാഗികമായി ശരിയാണ്. എന്നാൽ ഇതിനായി തന്നെ ഇങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിലേക്കാണ്. നേരിട്ടു കാണണമെന്നും സോളാർ വിഷയത്തിൽ ചില കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലുമായി ചെറിയാൻ ഫിലിപ്പ് സഹകരിച്ചു പ്രവർത്തിക്കുന്ന കാലമായിരുന്നു അത്. തന്നെ ഇങ്ങോട്ട് കാണാൻ വരേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അങ്ങോട്ടു വന്നു കാണാമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം ചെറിയാൻ ഫിലിപ്പിനൊപ്പം തിരുവഞ്ചൂരിനെ പോയി കണ്ടു.
സിപിഎം പ്രവർത്തകനെന്ന നിലയിലും കൈരളി ചാനൽ എംഡിയെന്ന നിലയിലുമാണ് താൻ തിരുവഞ്ചൂരിനെ കണ്ടത്. പാർട്ടി നൽകിയ നിർദേശപ്രകാരം സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുക, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അതിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാണ് തിരുവഞ്ചൂരിനെ അറിയിച്ചത്. എന്നാൽ ഇതു തനിക്കു മാത്രം തീരുമാനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കാൻ വരുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതു പ്രകാരമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോയി കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടി ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി സമ്മതിക്കുകയും പിന്നീട് വാർത്താസമ്മേളനത്തിൽ അതു പ്രഖ്യാപിക്കുകയുമായിരുന്നു.
എൽഡിഎഫ്, സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂർ തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. ജോൺ മുണ്ടക്കയം എന്ന പത്രപ്രവർത്തകൻ എഴുതിയ ആദ്യ ഭാഗം ശരിയാണെങ്കിലും പിന്നീടുള്ളതെല്ലാം ഭാവനയാണ്. വിരമിക്കുന്ന പത്രപ്രവർത്തകർ പിന്നീട് പുസ്തകങ്ങൾ എഴുതുന്നത് സാധാരണയാണ്. പുസ്തകത്തിൻ്റെ പ്രസിദ്ധിക്ക് വേണ്ടിയാവാം ഇത്തരം ചില കാര്യങ്ങൾ എഴുതിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന കാലയളവിൽ മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്രയോ സമരങ്ങൾ യുഡിഎഫ് നടത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം മന്ത്രിമാർ രാജിവെച്ചിട്ടുണ്ടോയെന്ന് ബ്രിട്ടാസ് ചോദിച്ചു.
ഇത്തരം സമരങ്ങൾ എങ്ങോട്ടു പോയെന്ന് നിങ്ങൾ ആരെങ്കിലും അവരോട് അന്വേഷിക്കാറുണ്ടോ. താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് ആർക്കും ചെറിയാൻ ഫിലിപ്പിനോട് ചോദിക്കാം. അദ്ദേഹം ഇപ്പോൾ കോൺഗ്രസുകാരനാണ്. ജോൺ മുണ്ടക്കയവും തിരുവഞ്ചൂരും ചെറിയാൻ ഫിലിപ്പും അടുത്ത സൗഹൃദമുള്ളവരാണ്. ഇപ്പോഴുള്ള വിവാദങ്ങളുടെ ഉറവിടം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണെന്നും താൻ മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രി കുഞ്ഞാലിക്കുട്ടിയും അവിടെയുണ്ടായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
“വർഷങ്ങൾക്ക് മുൻപെ നടന്ന കാര്യങ്ങൾ ഒരു ബോംബെന്ന പോലെ ഇപ്പോൾ പൊട്ടിക്കുന്ന ജോൺ മുണ്ടക്കയം എന്തു കൊണ്ടു സ്വന്തം പത്രത്തിൽ അതു വാർത്തയാക്കിയില്ല. താൻ ജോലി ചെയ്ത സ്ഥാപനത്തെ ചതിക്കുകയാണ് അദ്ദേഹം ചെയ്തത്. എൽഡിഎഫ് നടത്തിയ സോളാർ സമരം വിജയിച്ച സമരമായിരുന്നു. രാഷ്ട്രീയ കേരളം അതു സ്വീകരിച്ചതിൻ്റെ തെളിവാണ് പിന്നീട് 90 സീറ്റുമായി എൽഡിഎഫ് അധികാരത്തിൽ വന്നത് ”
ബ്രിട്ടാസ് പറഞ്ഞു.
കേന്ദ്ര കാബിനറ്റ് ജുഡീഷ്യൽ അന്വേഷണം നടത്താൻ നേരത്തെ തീരുമാനിച്ചുവെന്നു തിരുവഞ്ചൂർ പറഞ്ഞത് തെറ്റാണ്. അത്തരമൊരു കാര്യം മാധ്യമങ്ങളിൽ വന്നിട്ടില്ലെന്ന് പരിശോധിച്ചാൽ ആർക്കും മനസിലാകുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.