എറണാകുളം: കടംവാങ്ങിയ പണം തിരിച്ച് നല്കാന് ആവശ്യപ്പെട്ട് ഡി.സി.സി. സെക്രട്ടറി അജിത് അമീര്‍ ബാവയും സംഘവും ഗൃഹനാഥനെ വീട് കയറി അക്രമിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദനമേറ്റത്. മാര്‍ട്ടിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു.
വീട്ടില്‍ അതിക്രമിച്ചു കയറി കസേര കൊണ്ട് തലയ്ക്കടിച്ചും മുഖത്തടിച്ചും തന്നെ പരിക്കേല്‍പ്പിച്ചെന്നും പ്രാണരക്ഷാര്‍ഥം കൈ ഞരമ്പ് മുറിച്ചെന്നും മാര്ട്ടിന് വെളിപ്പെടുത്തിയിരുന്നു. അജിത് അമീര്‍ ബാവ, അജിതിന്റെ ഭാര്യ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത, ഷിജു എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്. കൂടുതല്‍ പേര് കേസില്‍ പ്രതികളായി വരാന്‍ സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ചു അജിത് അമീര്‍ ബാബ രംഗത്തെത്തി. മാര്‍ട്ടിനെ മര്‍ദിച്ചിട്ടില്ലെന്നും പണം തിരികെ ചോദിക്കാന്‍ ചെന്നതാണെന്നും അജിത് പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപ നല്‍കാതെ മാര്ട്ടിന് തന്നെ കബളിപ്പിച്ചുവെന്നും പണം നല്‍കിയിട്ടും ഭൂമി നല്‍കാതായതോടെ പല തവണ പണം തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും മാര്ട്ടിന് തയ്യാറായില്ലെന്നും അജിത് പറയുന്നു. ഇത് ചോദിക്കാനാണ് മാര്‍ട്ടിന്റെ വീട്ടില്‍ പോയതെന്നും കൃത്യമായ ഇടപെടലിന് വേണ്ടിയാണ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റിനെ കൂടെ കൂട്ടിയതെന്നും അജിത് വ്യക്തമാക്കി.