NEWSWorld

കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക ജയില്‍ മോചിതയാകുന്നു

ബെയ്ജിങ്: കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജയില്‍ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസണ്‍ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവര്‍ഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാന്‍ നേരിട്ട് വുഹാനിലെത്തിയത്. എന്നാല്‍ അന്ന് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയമായതിനാല്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോ ആയും മറ്റും ഷാന്‍ ശേഖരിക്കുകയും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിട്ടു. ട്വിറ്റര്‍, യൂട്യൂബ്, വിചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഷാന്‍ പങ്കുവെച്ചത്. രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ചെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.

‘നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഈ നഗരത്തെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മാര്‍ഗം ഭീഷണിയും തടവിലിടുകയുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു’ 2020 ല്‍ ഷാന്‍ തന്റെ വീഡിയോയിലൂടെ പറഞ്ഞു. ഇതായിരുന്നു ഷാനിന്റെതായി അവസാനമായി പുറത്തുവന്ന വീഡിയോ എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കലഹത്തിനും കാരണമായെന്നും കാണിച്ചായിരുന്നു 2020 മെയില്‍ വുഹാന്‍ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ ചൈനയിലെ ഷാങ്ഹായി വനിത ജയിലിലാണ് ഷാന്‍.

Signature-ad

കഴിഞ്ഞ സെപ്തംബറില്‍ 40 വയസ് തികഞ്ഞ ഷാന്‍ ജയിലിലായിരുന്നപ്പോഴും നീതിനിഷേധത്തിനെതിരെ നിരാഹാര സമരം കിടന്നു. തുടര്‍ന്ന് ആരോഗ്യം മോശമായ ഷാങ് ഷാനിനെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കാനായി ജയില്‍ അധികൃതര്‍ ശ്രമിച്ചു. മൂക്കിന് മുകളില്‍ ട്യൂബിട്ടും കൈകള്‍ കെട്ടിയുമാണ് ഭക്ഷണം നല്‍കുന്നതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലാകുമ്പോള്‍ 74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഷാന്‍ ഇപ്പോള്‍ 40 കിലോയില്‍ താഴേ മാത്രമാണ് ഭാരമുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. വുഹാനിലേക്ക് കടന്നു ചെന്ന് വീഡിയോകള്‍ ചിത്രീകരിച്ചു എന്നതാണ് ഷാങിനെതിരെ ചുമത്തിയ കുറ്റമെങ്കിലും വീഡിയോകള്‍ സോഷ്യല്‍ മീഡിയകളിലിട്ടതും അമേരിക്കന്‍ പണം സ്വീകരിക്കുന്ന റേഡിയോ ഫ്രീ പോലുള്ള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതുമാണ് ഭരണകൂടത്തിനെ ചൊടിപ്പിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ഷാങ് ഷാനിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ജയില്‍ മോചിതയാക്കുന്നത്. അതില്‍ സന്തോഷമുണ്ടെങ്കില്‍ പോലും തടവിലാക്കപ്പെടേണ്ട വ്യക്തിയായിരുന്നില്ല ഷാങ്. കൊവിഡ് മൂലം ചൈനയില്‍ ഉണ്ടായ വലിയ അപകടങ്ങളെ രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ച ചൈനീസ് ഭരണകൂടത്തെ തുറന്നു കാട്ടുകയാണ് ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ഉത്തരവാദികളാണ് എന്നാണ് ഷായുടെ ജയില്‍ മോചനം വ്യക്തമാക്കുന്നത്’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ അസോസിയേറ്റ് ഏഷ്യ ഡയറക്ടര്‍ മായ വാങ് ഗാര്‍ഡിയനോട് പറഞ്ഞു.

ഈ വിധി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ചൈന ഡയറക്ടര്‍ സാറാ ഭ്രൂക്‌സും സ്വാഗതം ചെയ്തു. മെയ് 13 മുതല്‍ ഷാങ് ഷാന്‍ പൂര്‍ണമായി സ്വതന്ത്രമാണെന്ന് ഉറപ്പാക്കാന്‍ ചൈനീസ് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണന്ന് ഭ്രൂക്‌സ് പറഞ്ഞു. ചൈനയ്ക്ക് അകത്തും പുറത്തുമുള്ള ആളുകളുമായി ആശയവിനിമയം നടത്താനും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിക്കണം. അവളും കുടുംബവും നിരീക്ഷണത്തിനോ ഉപദ്രവത്തിനോ വിധേയരാകരുതെന്നും സാറാ ബ്രൂക്‌സ്.

 

Back to top button
error: