കോട്ടയം: ഗൃഹനാഥന്റെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പൂർണമായും തകർന്നുവീണു.
രണ്ടുപേർക്ക് പരിക്കേറ്റു.പെരുവ കാരിക്കോട് വെള്ളാരംകാലായില്‍ പരേതനായ രവിയുടെ വീടാണ് തകർന്നത്. രവിയുടെ മകള്‍ ഷീബ (42), ബന്ധുവായ പൂഞ്ഞാർ സ്വദേശി ലീല (66) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസുഖബാധിതനായ രവി ബുധനാഴ്ച വെളുപ്പിനാണ് മരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ മൂന്നിന് അവസാനിച്ചു. വൈകീട്ട് ഏഴോടെ വേനല്‍മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയും സംസ്കാരച്ചടങ്ങിനിട്ട പന്തലും തകരുകയായിരുന്നു. സമീപത്തുനിന്ന തെങ്ങും, പ്ലാവും വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണു. വീടിനകത്തുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു.