KeralaNEWS

കള്ളനോട്ട്: കണ്ണൂരിൽ ഒരു സ്ത്രീകൂടി അറസ്റ്റില്‍

ണ്ണൂരില്‍ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരു സ്ത്രീകൂടി അറസ്റ്റില്‍. പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ ശോഭ (50) യെയാണ് കണ്ണൂർ ടൗണ്‍ സിഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തി. ഇതോടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

കണ്ണൂർ ടൗണ്‍ പോലീസും ചീമേനി പോലീസും ചെറുപുഴ പോലീസും ചേർന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രിന്‍റിംഗ് മെഷീൻ, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്‍റെ നോട്ട്, പിൻവലിച്ച രണ്ടായിരത്തിന്‍റെ നോട്ട്, അഞ്ഞൂറിന്‍റെയും പത്തിന്‍റെയും നോട്ടുകെട്ടുകള്‍, നിരവധി സീലുകള്‍ എന്നിവ കണ്ടെടുത്തു.

Signature-ad

കാസർഗോഡ് പടന്നയില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയായിരുന്നു ശോഭ. കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണു ശോഭയെ പിടികൂടുന്നത്.

ശോഭയാണ് ഷിജുവിന് കള്ളനോട്ട് നല്‍കിയതെന്നാണു വിവരം. ഇവർ കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പന്പില്‍നിന്ന് ഇന്ധനം നിറച്ചശേഷം നല്‍കിയ അഞ്ഞൂറു രൂപ കള്ളനോട്ടായിരുന്നു. ജീവനക്കാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ബാറില്‍ കയറി മദ്യപിച്ചതിനുശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നല്‍കിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജുവിനെ കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു ബാറിലെത്തി മദ്യപിച്ചതിനുശേഷം ബില്‍ തുകയായ 2562 രൂപയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ ബില്‍ ഫോള്‍ഡറിനകത്തു വച്ചശേഷം കടന്നുകളയുകയായിരുന്നു.

ബാർ ജീവനക്കാരൻ നൽകിയ   പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസ് നടത്തിയ പരിശോധനയില്‍ തൊട്ടടുത്തുള്ള മറ്റൊരു ബാറിനു സമീപം വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പരിശോധനയില്‍ ഇയാളില്‍നിന്ന് 500 രൂപയുടെ അഞ്ചു കള്ളനോട്ടുകളും കണ്ടെത്തി.

ഷിജു ഏറെക്കാലം ദുബായില്‍ ജോലി ചെയ്തിരുന്നതായും ചെറുവത്തൂര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: