അബുദബിയില്‍ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശികാളത്ത് സലീമിന്റെ മകന് ഷെമിലിനെ മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസായിരുന്നു.
അബുദാബി മുസഫ ഇൻടസ്ട്രിയൽ ഏരിയയിൽ താമസച്ചിരുന്ന ഷെമീലിന്റെ മൃതദേഹം അടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മാര്‍ച്ച് 31മുതലാണ് യുവാവിനെ കാണാതായത്. എം കോം ബിരുദധാരിയായ യുവാവ് കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.
മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അബുദാബി പൊലിസിൽ പരാതിയും നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഉമ്മ സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചിരുന്നു.