അടൂർ : തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തും ഗുണ്ടല്‍ പേട്ടിലും ചെങ്കോട്ടയിലെ തിരുമലൈ കോവില്‍ പരിസരത്തുമൊക്കെ കണ്ടിരുന്ന സൂര്യകാന്തി ശോഭ ഇതാ പത്തനംതിട്ടയിലും!
എം.സി റോഡിലെ അടൂർ ഏനാത്ത് പാലത്തിന് സമീപമാണ് സൂര്യകാന്തി പാടം.പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് നിരവധി ആളുകള്‍ സൂര്യകാന്തിപ്പാടം കാണാൻ ഇവിടേക്ക് എത്തുന്നുണ്ട്.
കാഴ്ചക്കാർ ഏറിയതോടെ 20 രൂപ ടിക്കറ്റ് നിരക്കും ഏർപ്പെടുത്തി. ഫോട്ടോ ഷൂട്ടും മ്യൂസിക് ആല്‍ബങ്ങളും ഷോർട്ട് ഫിലിം ഷൂട്ടിംഗുകളുമൊക്കെയായി നല്ല തിരക്കാണ് ഇപ്പോള്‍ പാടത്ത്. ഉടൻ മലയാള സിനിമയിലെ ഗാനരംഗത്തിനും ഇവിടം ലോക്കേഷനാകും.
വിഷരഹിത പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്ന ധരണി ഫാംസ് ഉടമകളായ മനു തേവലപ്രം, അനില്‍ മംഗല്യം എന്നിവരുടെ മോഹമാണ് സൂര്യകാന്തി പാടത്ത് പൂവിട്ടത്. കനത്തച്ചൂട് സൂര്യകാന്തിച്ചെടികള്‍ക്ക് ദോഷകരമായതിനാല്‍ പാടം നനയ്ക്കാനായി മൂന്ന് തൊഴിലാളികളുണ്ട്. കോഴിവളം, കമ്ബോസ്റ്റ്, ചാണകം എന്നിവ വളമായി ഉപയോഗിക്കുന്നു.