KeralaNEWS

സര്‍ക്കാരിന്റെ വിലയിരുത്തലോയെന്ന് ചോദ്യം, ക്ഷോഭിച്ച് മുഖ്യമന്ത്രി; ‘ആകാശവാണി വിജയന്‍’ ആണെന്ന് സതീശന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതുകൊണ്ടാണ് താന്‍ അദ്ദേഹത്തിന് പണ്ട് ‘ആകാശവാണി വിജയന്‍’ എന്നു പേരിട്ടതെന്ന് സതീശന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും സതീശന്‍ പറഞ്ഞു. ഒറ്റ സീറ്റു പോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കെ, തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാല്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യുമെന്നും സതീശന്‍ ചോദിച്ചു.

”അദ്ദേഹം പൊട്ടിത്തെറിക്കും. ഏതു ചോദ്യം ചോദിച്ചാലും അദ്ദേഹം പൊട്ടിത്തെറിക്കും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേള്‍ക്കുക. ഞാന്‍ പണ്ട് ആകാശവാണി വിജയന്‍ എന്നു പേരിട്ടത് അതുകൊണ്ടാണ്. ആകാശവാണി നമുക്കു കേള്‍ക്കാന്‍ മാത്രമേ പറ്റൂ. ആകാശവാണിയോട് തിരിച്ച് എന്തെങ്കിലും ചോദിക്കാന്‍ പറ്റുമോ? റേഡിയോയോട് ചോദിക്കാന്‍ പറ്റുമോ? അതു നിങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ അങ്ങോട്ടു ചോദിക്കാന്‍ പാടില്ല. പറയുന്നതു കേട്ടിട്ട് തിരിച്ചു പോരണം. മനസ്സിലായില്ലേ?

”കേരളത്തില്‍ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. അപ്പോള്‍പ്പിന്നെ നിങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോ എന്നു ചോദിച്ചാല്‍ അദ്ദേഹം ചൂടാവുകയല്ലാതെ എന്തു ചെയ്യും? സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു പറഞ്ഞാല്‍ തീര്‍ന്നില്ലേ? കഥ തീര്‍ന്നില്ലേ?” സതീശന്‍ ചോദിച്ചു. തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

”തിരഞ്ഞെടുപ്പ് എന്നത് എന്താണെന്ന് ഇതേവരെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ താങ്കള്‍ എന്തൊരു മാധ്യമപ്രവര്‍ത്തകനാണ്? നിങ്ങള്‍ക്ക് അതുപോലും മനസ്സിലാക്കാനാകുന്നില്ല എന്നല്ലേ അതിന്റെ അര്‍ഥം? ഈ തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ളതല്ലേ? അതല്ലേ ഇതില്‍ പ്രധാനമായിട്ടുള്ളത്. ആരെങ്കിലും ചോദിക്കുന്നതു കേട്ട് അതേപോലെ ചോദിക്കുകയാണോ വേണ്ടത്? നിങ്ങള്‍ ഇതില്‍ സ്വയംബുദ്ധി പ്രയോഗിക്കേണ്ടേ? അപ്പോഴല്ലേ ഇത് സംസ്ഥാന ഭരണത്തിന്റെയല്ല കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മനസ്സിലാക്കുക” ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Back to top button
error: