KeralaNEWS

വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധം, അത്യന്തം നിര്‍ഭാഗ്യകരം; മോദിയുടെ പ്രസംഗം നിന്ദനീയമെന്ന് ‘ദീപിക’

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദമായ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിറോമലബാര്‍സഭ മുഖപത്രം. രാജസ്ഥാനില്‍ പ്രധാനമന്ത്രി മുസ്ലിം സമുദായത്തിനെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണെന്ന് ‘ദീപിക’ ദിനപത്രം മുഖപ്രസംഗത്തില്‍ ആരോപിച്ചു. ഇത് വര്‍ഗീയതയേയും ഇതരമതവിദ്വേഷത്തേയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഭൂരിപക്ഷവോട്ടിന്റെ ധ്രൂവീകരണമായിരിക്കാം പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി. വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് തിരിച്ചറിയണം. പൗരന്മാര്‍ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അങ്ങനെയല്ല പറഞ്ഞതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയില്ലെന്നും പ്രധാനമന്ത്രിക്കറിയാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Signature-ad

മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസെടുക്കുമെന്നോ ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തില്‍ പറയാനാവില്ല. ശ്രാവണമാസത്തില്‍ മട്ടന്‍കറിയും നവരാത്രിയില്‍ മീന്‍കറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു- കശ്മീരിലെ ഉധംപുരില്‍ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു. ഒരിടത്തും കേസില്ല. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ടുമില്ല. ന്യൂനപക്ഷ വിരുദ്ധ, വിദ്വേഷ, ഹിംസാത്മക പ്രസംഗങ്ങള്‍ തടയാന്‍ ഇനി ആരുണ്ട് ബാക്കിയെന്നും ദീപിക ദിനപത്രം ചോദിച്ചു.

രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ ബി.ജെ.പി. സര്‍ക്കാര്‍ വിലകുറച്ചുകാണുകയാണെന്ന് തോന്നുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മോദിയുടെ വിദ്വേഷപ്രസംഗവുമായി താരതമ്യപ്പെടുത്താനാവില്ല. മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെങ്കില്‍ അന്‍വറിന്റേതും പിണറായിയുടേതും വ്യക്തിഹത്യയാണ്. പക്ഷേ, വിദ്വേഷത്തിന്റെ ഇന്ത്യാ സ്റ്റോറിയെ വിമര്‍ശിക്കാനുള്ള ധാര്‍മികത വ്യക്തിഹത്യയുടെ ഒരധ്യായമെഴുതി കേരളം ഇല്ലാതാക്കേണ്ടിയിരുന്നില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Back to top button
error: