തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്നാണ് കലക്ടര്‍മാരുടെ നിര്‍ദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും ഉത്തരുവകളില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവര്‍ ഇന്നു വൈകിട്ട് ആറിനുള്ളില്‍ മണ്ഡലം വിട്ടു പോകണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്.