സംസ്ഥാന ഐ.ടി ഇടനാഴികളുടെ ഭാഗമായി സ്ഥാപിക്കുന്ന ഉപഗ്രഹ പാര്‍ക്കുകള്‍ക്കായി പല സ്ഥലങ്ങളിലായി 568 ഏക്കര്‍ സ്ഥലം കണ്ടെത്തി നിക്ഷേപകരില്‍ നിന്ന് താത്പര്യം പത്രം ക്ഷണിച്ചിട്ടുണ്ട്.
നെടുമ്ബാശേരി, കളമശേരി, കൊരട്ടി (തൃശൂര്‍), ചേരാനെല്ലൂര്‍, പുത്തന്‍കുരിശ്, പുതുവൈപ്പ്, പനഞ്ചേരി (തൃശൂര്‍), കാക്കനാട് എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട എറണാകുളം-കൊരട്ടി ഐ.ടി കോറിഡോര്‍-3ന്റെ ഭാഗമായി സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലിലോ നിക്ഷേപകര്‍ നേരിട്ട് ഏറ്റെടുക്കുന്ന രീതിയിലോ ആകും പാര്‍ക്കുകള്‍ക്ക് ഭൂമി അനുവദിക്കുക. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നിക്ഷേപകര്‍ക്ക് നല്കുന്നതില് കാലതാമസമുള്ളതിനാലാണ് നിക്ഷേപകര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്‍ഫോപാര്‍ക്കില്‍ കൂടുതല്‍ വികസനത്തിന് സ്ഥലപരിമിതി പ്രശ്നമായി നില്ക്കുന്ന സാഹചര്യത്തില്‍ സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകള്‍ ഒരു പരിഹാരമാകുമെന്നാണ് കരുതുന്നത്.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് (കെ.എസ്.ഐ.ടി.പി.എല്‍) പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കൾ.
എന്‍.എച്ച് 66ന് സമാന്തരമായി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതാണ് ഐ.ടി കോറിഡോര്‍. 2023-24 സംസ്ഥാന ബജറ്റില്‍ 1,000 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.