ബംഗളൂരു: ബി.ജെ.പിയുടെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി.
വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയില്‍നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം. വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി.
താൻ പാർട്ടിക്കൊപ്പമല്ലെന്നും സ്വതന്ത്രനായാണ് നില്‍ക്കുന്നതെന്നും ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു