മുസ്ലിംകള്ക്കെതിരെ വിദ്വേഷമുണർത്തുന്ന പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമാകുകയാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഇ-മെയില്‍ വഴിയും അല്ലാതെയും കമ്മിഷനിലേക്ക് കൂട്ടപരാതികള്‍ പ്രവഹിക്കുകയാണെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.
സമൂഹത്തിലെ ദുർബല, പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സദ്ഭാവനയോടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2006ല്‍ നടത്തിയ പരാമർശങ്ങളാണ് വർഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ മോദി വളച്ചൊടിച്ചിരിക്കുന്നത്. ആദ്യഘട്ട ജനവിധിയുടെ സൂചനകള്‍ അനുകൂലമല്ലെന്ന തിരിച്ചറിവില്‍നിന്ന് മുസ്ലിം വിദ്വേഷം ആളിക്കത്തിച്ച് ഹിന്ദുവികാരം ഇളക്കിവിട്ട് വോട്ടുറപ്പിക്കുക എന്ന അവസാന അടവാണ് മോദി പയറ്റുന്നതെന്നാണിപ്പോള് പ്രതിപക്ഷം ആരോപിക്കുന്നത്.
2006 ഡിസംബർ ഒൻപതിന് നടന്ന നാഷനല്‍ ഡവലപ്മെന്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും ബി.ജെ.പിയും നരേന്ദ്ര മോദിയും വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. യു.പി.എ സർക്കാരിന്റെ സാമ്ബത്തിക മുൻഗണനകള്‍ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. വളച്ചൊടിക്കപ്പെട്ട പരാമർശങ്ങള്‍ അടങ്ങിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഇങ്ങനെയാണ്:
‘കൃഷി, ജലസേചനം, ജലസ്രോതസുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളില്‍ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യരംഗങ്ങളില്‍ ആവശ്യമായ പൊതുനിക്ഷേപം എന്നിവയ്ക്കൊപ്പം പട്ടികജാതി-പട്ടികവർഗക്കാരുടെയും
പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് അന്നും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാന പ്രതിപക്ഷമായിരുന്ന ബി.ജെ.പിയും വിവാദമാക്കി. മുസ്ലിംകള് രാജ്യത്തെ സമ്ബത്തിന്റെ ആദ്യാവകാശികളെന്ന് മൻമോഹൻ സിങ് പറഞ്ഞെന്നായിരുന്നു പ്രചാരണം.
എസ്.സി, എസ്.ടി, ഒ.ബി.സി, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ നേരത്തെ പറഞ്ഞ മുൻഗണനാ പട്ടികയിലെ മുഴുവൻ വിഭാഗങ്ങളെയും സൂചിപ്പിച്ചാണ് ‘വിഭവങ്ങളുടെ ആദ്യാവകാശം’ എന്നു മൻമോഹൻ സിങ് പറഞ്ഞത്. തൊട്ടുമുൻപുള്ള മാസങ്ങളില്‍ രാജ്യത്തെ സാമ്ബത്തികരംഗത്തുണ്ടായ മികച്ച പ്രകടനങ്ങള്‍ സൂചിപ്പിച്ച ശേഷമായിരുന്നു മൻമോഹൻ സിങ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് തൊഴിലവസരങ്ങളും വരുമാനമാർഗങ്ങളും സൃഷ്ടിച്ച് സമ്ബദ്ഘടന ഇനിയും നല്ല നിലയില്‍ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. സമൂഹത്തിലെ മെച്ചപ്പെട്ട വിഭാഗങ്ങള്‍ക്ക് ഇതിന്റെയെല്ലാം ഗുണം ലഭിക്കുമ്ബോള്‍ തന്നെ, ദുർബലരും പാർശ്വവല്‍കൃതരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.’ഇന്ത്യ തിളങ്ങണം, പക്ഷേ ആ തിളക്കം എല്ലാവർക്കുമുണ്ടാകണം’ എന്നാണ് മൻമോഹൻ സിങ് പറഞ്ഞത്.
രാജസ്ഥാനിലെ ബൻസ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങ്ങിന്റെ പഴയ പ്രസംഗം മോദി പൊടിതട്ടി പുറത്തെടുത്തത്. മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങള്‍ വളച്ചൊടിച്ചതിനു പുറമെ കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കള്ളങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്തു മോദി. കൃത്യമായും മുസ്ലിം വിദ്വേഷം ആളിക്കത്തിക്കാനെന്നോണം ആപല്‍ക്കരമായ പരാമർശങ്ങളും ഇതോടൊപ്പം നടത്തി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്ബത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികളുണ്ടാക്കുന്നവർക്കും നല്‍കുമെന്നായിരുന്നു മോദിയുടെ ‘മുന്നറിയിപ്പ്’. രാജ്യത്തെ സമ്ബത്തിന്റെ ആദ്യാവകാശികള്‍ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്ബാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതല്‍ കുട്ടികളുള്ളവർക്കും നല്‍കണോ എന്ന് ആള്‍ക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.