ആലപ്പുഴ: തകഴിയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ തോട്ടില്‍ മരിച്ചനിലയില്‍. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണി(49)യെ ആണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ചെക്കിടിക്കാട് 900 പാടശേഖര മോട്ടർ തറയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ ഒൻപതു മണി മുതല്‍ വീട്ടില്‍നിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
സുധാമണിയുടെ ഭർത്താവ് രാജു രാവിലെ പണിക്ക് പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുൻവശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാരബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.
എടത്വാ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍: അഖില, അനഘ, അർജ്ജുൻ.