ഉത്തരേന്ത്യൻ മേഖലകളില്‍ മുൻ തെരഞ്ഞെടുപ്പുകള്‍ പോലെ ആവേശം പ്രകടമാകാത്തത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ബിഹാറിൽ 48.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 54 ശതമാനമായിരുന്നു. 2019 ല്‍ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡില്‍ 54.06 ശതമാനം മാത്രം. തരംഗം ദൃശ്യമാകുന്നില്ല എന്ന റിപ്പോർട്ടുകള്‍ വന്നതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ അടിയന്തര യോഗം ചേർന്നു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 102 മണ്ഡലങ്ങളിലെ വോട്ടെടുപ്പില്‍ 62.4 ശതമാനമാണ് പോളിങ് നിരക്ക്. അന്തിമ കണക്കുകളില്‍ 65 ശതമാനം വരെയാകാം. 2019 ല്‍ 69.43 ശതമാനമായിരുന്നു പോളിങ്. അഞ്ചുശതമാനത്തോളം വ്യത്യാസം വന്നേക്കാം. ഇതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.
ഇന്നലെ രാത്രി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളിലാണ് ഉയർന്ന പോളിങ്: 77.57 ശതമാനം. ഹിന്ദി ഹൃദയഭൂമിയില്‍ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാല്‍, ബിഹാർ, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ശരാശരിയേക്കാള്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്.
അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ പോളിങ് ശതമാനം താരതമ്യേന കൂടുതലായിരുന്നു. ത്രിപുരയിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ്: 79.90%, അസം-71.38%, മേഘാലയ-68.62%, സിക്കിം-68.06%, നാഗാലാൻഡ്-56.77%, അരുണാചല്‍ പ്രദേശ്-65.46% എന്നിങ്ങനെയാണ് കണക്കുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ വരുമ്ബോള്‍ ശതമാനത്തില്‍ മാറ്റം വരാം.