നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല കാർഡിറക്കി യു ഡി എഫ്. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ബിജെപിയുടെ ഭാഷ കടമെടുത്തു കൊണ്ടാണ് സിപിഐഎം നേതാക്കൾ ഇപ്പോൾ കോൺഗ്രസിനെ ആക്രമിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. പാണക്കാട് തങ്ങളെ കാണാൻ എത്തുന്നതിനെ വിമർശിക്കുന്നത് ഈ ഭാഷയിലാണ്. ഭൂരിപക്ഷ ജനവിഭാഗത്തോട് ഒപ്പമാണ് എന്ന് നടിക്കുന്ന സിപിഐഎം നേതൃത്വം ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്ന് യുഡിഎഫ് വ്യക്തമാക്കി.
ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ഭക്തരുടെ ആഗ്രഹം നടത്താൻ സർക്കാർ ശ്രമിച്ചില്ല. പ്രശ്ന പരിഹാരത്തിന് ആണ് ശ്രമിച്ചിരുന്നത് എങ്കിൽ സത്യവാങ്മൂലം പിൻവലിച്ചേനെയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിലിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഈ നിലപാട് ഇല്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.