തിരുവനന്തപുരം: നവകേരള ബസ് മ്യൂസിയത്തില്‍ വയ്ക്കാനില്ല, വാടകയ്ക്ക് കൊടുക്കാനുമില്ല. ബസ് വാങ്ങാന്‍ ചെലവായ പണം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ സംസ്ഥാനാന്തര സര്‍വീസിന് അയയ്ക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതിനായി ഈ ബസ് കോണ്‍ട്രാക്ട് കാര്യേജില്‍ നിന്നു മാറ്റി സര്‍വീസ് നടത്തുന്നതിനുള്ള സ്റ്റേജ് കാര്യേജ് ലൈസന്‍സ് എടുക്കണം. ഇതിനായി ബസ് ബംഗളൂരുവില്‍ നിന്നു മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ഭാരത് ബെന്‍സിന്റെ ലക്ഷ്വറി ബസില്‍ മുഖ്യമന്ത്രിയിരുന്ന റിവോള്‍വിങ് ചെയര്‍ ഇളക്കി മാറ്റി, മന്ത്രിമാര്‍ ഇരുന്ന കസേരകളും മാറ്റി. പകരം 25 പുഷ്ബാക് സീറ്റുകള്‍ ഘടിപ്പിച്ചു. കണ്ടക്ടര്‍ക്കായി മറ്റൊരു സീറ്റും ചേര്‍ത്തു. ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റും വാഷ് ബെയ്‌സിനും നിലനിര്‍ത്തി. സീറ്റുകള്‍ അടുപ്പിച്ചതോടെ ലഗേജ് വയ്ക്കുന്നതിനും സ്ഥലം കിട്ടി. ടിവിയും മ്യൂസിക് സിസ്റ്റവും ഉണ്ട്.
നവകേരള യാത്ര കഴിഞ്ഞയുടന്‍ ഈ ബസ് ആര്‍ക്കും വാടകയ്‌ക്കെടുത്ത് ടൂര്‍ പോകാമെന്നായിരുന്നു അന്നു മന്ത്രിയായിരുന്ന ആന്റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറും പറഞ്ഞത്. ബസിനെച്ചൊല്ലി വിവാദമുയര്‍ന്നപ്പോള്‍, മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തില്‍ വച്ചാല്‍ പോലും കാണാന്‍ ആളെത്തുമെന്നും സിപിഎം നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. 1.15 കോടി ചെലവിട്ടാണ് ഈ ബസ് വാങ്ങിയത്. ഇപ്പോള്‍ ബെംഗളൂരുവിലെത്തിച്ച് സീറ്റു മാറ്റി പരിഷ്‌കരിച്ചതിന് 2 ലക്ഷത്തോളം രൂപ ചെലവായി.
നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനു പുറമേ ബെന്‍സിന്റെ 2 ബസുകള്‍ക്കു കൂടി കെഎസ്ആര്‍ടിസി കരാര്‍ നല്‍കിയെന്നാണ് അന്ന് കെഎസ്ആര്‍ടിസി അറിയിച്ചത്. ബജറ്റ് ടൂറിസത്തിനും സ്വകാര്യ വ്യക്തികള്‍ക്കുള്‍പ്പെടെ വാടകയ്ക്കു നല്‍കുന്നതിനാണ് ഇതെന്നായിരുന്നു എംഡി വിശദീകരിച്ചത്. ബെന്‍സിന്റെ സ്ലീപ്പറും സീറ്റര്‍ ടൈപ്പുമാണ് വാങ്ങാന്‍ പോകുന്നതെന്നും പറഞ്ഞെങ്കിലും പുതിയ സാഹചര്യത്തില്‍ അതിനു സാധ്യതയില്ല.