പത്തനംതിട്ട: വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് കരുതലായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസര്‍ പി.ടി. ദിലീപ് ഖാന്‍, സിപിഒ യു.എസ്. ഹരികൃഷ്ണന്‍, ഡ്രൈവര്‍ ആര്‍.ശ്രീജിത് കുമാര്‍, ഫൊട്ടോഗ്രഫര്‍ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘത്തിന്റെ സമയോചിത ഇടപെടലാണ് ഗുരുതരമായി പരുക്കേറ്റ വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിന്റെ (30) ജീവന്‍ രക്ഷിച്ചത്. പത്തനംതിട്ട- കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
പൊന്തന്‍പുഴ വനപ്രദേശത്തുനിന്ന് ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച യുവാവ് അവശനായി ഓടിവരുന്നതു കണ്ടത്. സംഘത്തെ കണ്ടപ്പോള്‍ ഇവരുടെ കാല്‍ക്കലേക്കു വീണ യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. കുടിക്കാന്‍ വെള്ളം നല്‍കിയ സംഘം യുവാവിന്റെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം 108 ആംബുലന്‍സ് വിളിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. അപ്പോഴേക്കും സര്‍വലയന്‍സ് ടീമിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍ പി.രാജേഷ് കുമാറും സ്ഥലത്തെത്തി. യുവാവിനെ ആംബുലന്‍സില്‍ റാന്നി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
സ്ഥലത്തെത്തിയ മണിമല, റാന്നി സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികളായ കൊടുങ്ങൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി സാബു ദേവസ്യ (40), കൊടുങ്ങൂര്‍ പാണപ്പുഴ സ്വദേശി ജി.പ്രസീദ് (52) എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്തും സാബുവും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു.
സാബു ദേവസ്യ, സുമിതിനെ പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദുമായി ചേര്‍ന്ന് മദ്യം നല്‍കുകയും, ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 30നും സമാനമായ രീതിയില്‍ യുവാവിനെ വനത്തില്‍ എത്തിച്ചുവെങ്കിലും അന്നു കൊലപാത ശ്രമം നടന്നില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന സുമിത് സുഖം പ്രാപിച്ചുവരുന്നു.