ചെർപ്പുളശ്ശേരി: റോഡിലെ കയറ്റത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് അതിവേഗം പിന്നിലേക്കിറങ്ങിയ ടിപ്പർലോറി കയറി ഓട്ടോറിക്ഷാഡ്രൈവർ മരിച്ചു.
ചെർപ്പുളശ്ശേരി ഇരുപത്താറാം മൈല്‍ പാക്കറത്ത് വീട്ടില്‍ മുഹമ്മദ് ബഷീറാണ് (33) മരിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ഐഡിയല്‍കോളേജ് മൈതാനത്തോടുചേർന്നുള്ള റോഡിലെ കയറ്റത്തിലാണ് അപകടം. തൊട്ടുപിന്നിലായിരുന്നു മുഹമ്മദ് ബഷീറിന്റെ ഓട്ടോ. ലോറിവരുന്നതുകണ്ട് ഓട്ടോയില്‍നിന്നും ചാടിരക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് ദുരന്തം.
വെപ്രാളത്തിനിടെ റോഡില്‍ വീണുപോയ മുഹമ്മദ് ബഷീറിന്റെ ദേഹത്ത് ലോറി കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പത്തുവർഷത്തിലേറെയായി പാലക്കാട് റോഡിലെ ഇരുപത്താറാം മൈലില്‍ ഓട്ടോഡ്രൈവറാണ് മുഹമ്മദ് ബഷീർ. പിതാവ്: കുഞ്ഞിമൊയ്തു. മാതാവ്: റുഖിയ. ഭാര്യ: ഫർസാന. മകൻ: ഫൈസാൻ