കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡിന് കുറുകെ കെട്ടിയിരുന്ന വടം കുടുങ്ങി സ്കൂട്ടര്‍ യാത്രികന് മരിച്ചത് പോലീസിന്റെ അനാസ്ഥമൂലമെന്ന് കുടുംബം.
പോലീസ് വടം കെട്ടിയിരുന്നത് യാത്രികര്‍ക്ക് കാണുംവിധമായിരുന്നില്ലെന്ന് മരിച്ച മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. സംഭവ സ്ഥലത്ത് വെളിച്ചമില്ലായിരുന്നെന്നും കുറ്റപ്പെടുത്തി. റോഡിലൂടെ കടന്ന് പോകാതിരിക്കാനായി കെട്ടിയ വടം കാണാതെ മുന്നോട്ടുപോയി, വടം കഴുത്തില്‍ തട്ടി മനോജ് ഉണ്ണി തെറിച്ച് വീഴുകയായിരുന്നു.
എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ വിശദീകരിച്ചു. മൂന്ന് പോലീസുകാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു, പോലീസ് കൈകാണിച്ചിട്ടും മനോജ് നിര്‍ത്താതെ അമിത വേഗത്തില്‍ പോകുകയായിരുന്നെന്നുമാണ് വിശദീകരണം. വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനായി കെട്ടിയിരുന്ന കേബിളിന് അഞ്ച് മീറ്റര്‍ മുമ്പ് തന്നെ പോലീസിനെ വിന്യസിച്ചിരുന്നു.സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യം പരിശോധിക്കും. മനോജിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനായി റോഡില്‍ കെട്ടിയ വടത്തിന്റെ മധ്യ ഭാഗത്തായിരുന്നില്ല പോലീസ് നിന്നിരുന്നതെന്നും സഹോദരി പറഞ്ഞു.റോഡിന്റെ വശങ്ങളിലായാണ് പോലീസ് നിന്നിരുന്നത്. പ്രധാന മന്ത്രി വരുന്നതിനെത്തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിന്റെ ഭാഗമായി മനോജ് ഉണ്ണിയുടെ സ്കൂട്ടര്‍ തടഞ്ഞെിരുന്നെന്നും എന്നാല്‍ വാഹനം നിര്‍ത്താതെ പോയെന്നുമാണ് പോലീസ് വിശദീകരണം.
റോഡിന് കുറുകെ വടം കെട്ടുമ്പോള്‍ സാധാരണയായി വേണ്ട മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ അപകടമുണ്ടായിടത്ത് ബാരിക്കേടുകള്‍ പോലുളള ക്രമീകരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.