KeralaNEWS

മദപ്പാടുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ തീരുമാനം 17ന്

കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

16ാം തീയതി അഞ്ച് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഈ വിഷയങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. . ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനം പതിനേഴിന് കൈക്കൊളളും.

Signature-ad

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്. ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര്‍ പൊലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണമെന്നായിരുന്നു കലക്ടറുടെ നിര്‍ദേശം.

പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കും. മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത ആനകളുടെ പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു

 

Back to top button
error: