പത്തനംതിട്ട: വിഷു പൂജകളോടനുബന്ധിച്ച് സന്നിധാനത്ത് നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎൻ മഹേഷ് ആണ് നട തുറന്നത്.
ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ പൂജകള്‍ നടക്കും. വിഷുക്കണി ദർശനം ഏപ്രില്‍ 14-ന് പുലർച്ചെ മൂന്ന് മുതല്‍ ഏഴ് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 13-ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാകും നട അടയ്‌ക്കുക.
ഏപ്രില്‍ 14-ന് പുലർച്ചെ മൂന്ന് മണിയ്‌ക്ക് നട തുറക്കും. ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തർക്ക് കണി കാണുന്നതിനുള്ള അവസരം നല്‍കുക. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നല്‍കും.