തിരുവനന്തപുരം; എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ അപേക്ഷിച്ചവരുടെ എണ്ണം ഇക്കുറി താഴ്‌ന്നെങ്കിലും മത്സരച്ചൂടിന് കുറവില്ല. ജൂലായ് മുതല്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതാന്‍ കഠിനപരിശീലനത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍. 2025 ഓഗസ്റ്റ് ഒന്നിന് നിലവില്‍വരുമെന്ന് പ്രതീക്ഷിക്കുന്ന ലിസ്റ്റില്‍ നിന്ന് മുന്‍വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് വിവിധ ജില്ലകളിലായി 12,000ലധികം നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.
12,95,446 പേരാണ് ഇക്കുറി എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്. 2019 ലെ വിജ്ഞാപനത്തില്‍ 17,58,338 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇക്കുറി 4,62,892 ലക്ഷം പേരുടെ കുറവുണ്ടായി.
സിലബസ് നോക്കി പഠിക്കണം
പൊതുവിജ്ഞാനം -50, ആനുകാലിക വിഷയങ്ങള്‍- 20, ഗണിതവും മാനസികശേഷി പരിശോധനയും -10, ജനറല്‍ ഇംഗ്ലീഷ് – 10, പ്രാദേശിക ഭാഷ-10 എന്നിങ്ങനെയാണ് ഓരോ ടോപ്പിക്കില്‍ നിന്നുമുള്ള ചോദ്യങ്ങള്‍. എല്ലാ വിഷയത്തിലും അടിസ്ഥാന അറിവുകള്‍ ആര്‍ജ്ജിക്കുകയെന്നതാണ് പ്രധാനം. കണക്ക്/മെന്റല്‍ എബിലിറ്റി എന്നിവയില്‍ മികച്ച തയ്യാറെടുപ്പു നടത്തിയാല്‍ ഇതില്‍ 90 ശതമാനംവരെ മാര്‍ക്കുനേടാന്‍ കഴിയും. പൊതുവിജ്ഞാനത്തില്‍ ചിട്ടയായ തയ്യാറെടുപ്പുവേണം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ മുന്‍ചോദ്യപ്പേപ്പറുകള്‍ പരമാവധി പരിശീലിക്കുന്നത് വലിയ ഗുണംചെയ്യും. ഹൈസ്‌കൂള്‍തലത്തിലെ പാഠപുസ്തകങ്ങള്‍ സൂക്ഷ്മമായി വായിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകളും പരിശീലിക്കണം.