IndiaNEWS

മദ്യപിച്ച് വിമാനം പറത്താനെത്തി; വനിതാ പൈലറ്റിനെ പറപ്പിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിതാ പൈലറ്റിനെ മദ്യലഹരിയില്‍ വിമാനം പറത്താന്‍ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസര്‍ പരീശോധനയില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ പൈലറ്റ്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) മാനദണ്ഡപ്രകാരം വിമാനം പറത്തുന്നതിന് മുമ്പായി, വിമാനത്തിലെ എല്ലാ ജീവനക്കാരും ബ്രെത്തലൈസര്‍ പരിക്ഷണത്തിന് വിധേയരാകണം. പൈലറ്റുകള്‍ വിമാനം നിലവില്‍ പറത്താന്‍ യോഗ്യരാണോ എന്ന പരീക്ഷണത്തിനും വിധേയരാകണം. ഇതില്‍ ഏതെങ്കിലും പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും.

Signature-ad

ജീവനക്കാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഡിസിജിഎ പരിഷ്‌കരിച്ചത്. മദ്യത്തിന് പുറമെ ടൂത്ത് ജെല്‍, മൗത്ത് വാഷ് എന്നിവയുടെ ഉപയോഗവും ആല്‍ക്കഹോളിന്റെ സാനിധ്യത്താല്‍ ഡിസിജിഎ നിരോധിച്ചിരുന്നു. ഈ വസ്തുക്കള്‍ ഉപയോഗിച്ചാലും ബ്രെത്തലൈസര്‍ ആല്‍ക്കഹോളിന്റെ സാനിധ്യം നിശ്വാസത്തില്‍ കണ്ടെത്തും.

ഏതെങ്കിലും പ്രത്യേക മരുന്ന് കഴിക്കുകയാണെങ്കിലും ജീവനക്കാര്‍ ഉന്നതാധികാരികളെ അറിയിക്കേണ്ടതായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.

 

Back to top button
error: