ന്യൂഡൽഹി: ഡല്‍ഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബംഗാളില്‍ നിന്നുള്ള പത്ത് തൃണമൂല്‍ എം.പിമാരെയാണ് ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
കേന്ദ്ര ഏജൻസികളെ ബി.ജെ.പി. സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എം.പിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്തിയത്.തൃണമൂല്‍ രാജ്യസഭാ എം.പി. ഡെറിക് ഒബ്രയാന്റെ നേതൃത്വത്തിലാണ് എം.പിമാർ എത്തിയത്.
തിരഞ്ഞെടുപ്പിന് മുമ്ബായി നാല് കേന്ദ്ര ഏജൻസികളുടെ മേധാവിമാരെ മാറ്റണമെന്നും എം.പിമാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ പുറത്ത് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും എം.പിമാർ വഴങ്ങാതിരുന്നതോടെയാണ് പോലീസ് നടപടി ആരംഭിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.