രാത്രി പുരയിൽ കിടന്നുറങ്ങാനോ പകൽ പുറത്തിറങ്ങാനോ പോലുമാകാത്ത സ്ഥിതിയിലാണ് ചൂട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്ന് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നുരണ്ടു തവണ വേനൽമഴ ലഭിച്ചെങ്കിലും പിന്നീട് മഴയുണ്ടായില്ല. ഇതോടെ, ചൂട് അസഹനീയമായ നിലയിലാണ്.
കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് കൊടുംചൂടിൽ ഏറെ വലയുന്നത്. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സങ്ങളായി മഴ പോലും പെയ്യാതെ കടുത്ത ചൂട് തുടരുന്നത് കുടിവെള്ള ക്ഷാമവും അതിരൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ പുഴകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്.
കൊടുംവേനൽ കർഷകർക്കും വലിയ ദുരിതമാണ് തീർക്കുന്നത്. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപ്പോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റപ്പുല്ല് ഉണങ്ങിക്കരിഞ്ഞു പോവുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വേനല്‍ നീണ്ടു നില്ക്കാനിടയായാല് വിളകള്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി. കാര്‍ഷിക മേഖലയില്‍ ചൂടിന്റെ ആധിക്യം കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രതിസന്ധിയും ഉടലെടുക്കും.