FeatureLIFE

കിണർ റീച്ചാർജിംഗ് അഥവാ മഴവെള്ള സംഭരണം; ചെയ്യേണ്ടത് ഇത്രമാത്രം 

രോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇത്തവണത്തെ സ്ഥിതിയും വിത്യസ്തമല്ല. ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത.
അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം  ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്.
നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും!
ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ നമുക്ക് ലഭിക്കാറില്ല.ലഭിക്കുന്ന മഴയുടേതാകട്ടെ വെറും എട്ടു ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നതും.മഴവെള്ളം സംഭരിക്കുന്നതിന് ഇന്ന് പലവിധ മാർഗ്ഗങ്ങളുണ്ട്.പക്ഷെ ഏതു കാര്യത്തിലും എന്നപോലെ ഈ കാര്യത്തിലും ജനപങ്കാളിത്തം കൂടിയേതീരൂ.അങ്ങനെ വന്നാൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി പോലും കടലിലേക്ക് ഒഴുകിപ്പോകാതെ പൂർണമായും നമുക്ക് സംരക്ഷിച്ച് സൂക്ഷിക്കുവാൻ സാധിക്കും.
 മഴവഴി ലഭ്യമാകുന്ന ജലം പെയ്തു വീഴുന്നിടത്തു തന്നെ ശേഖരിക്കുന്നതിനുള്ള നടപടികളാണ് നമുക്ക് വേണ്ടത്.കയ്യാലകളും പുൽവരമ്പുകളും ചെറുതും വലുതുമായ മഴക്കുഴികളും നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറക്കി വിടാൻ സാധിക്കും.തട്ടുതിരിക്കൽ,ചാലുകൾ,ചകിരിക്കുഴി,തെങ്ങിനു തടം,ആവരണ വിള,പുൽച്ചെടികൾ…തുടങ്ങിയവയിലൂടെയും മഴവെള്ളം മണ്ണിലേക്കിറക്കാൻ കഴിയും.ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കാൻ സൗകര്യമൊരുക്കാം.നമ്മുടെ പുരമുകളിൽ വീണ് ഒഴുകിപ്പോകുന്ന മഴവെള്ളം പാത്തികളിലൂടെ ശേഖരിച്ചു മണ്ണിലേക്ക് താഴ്ത്തുകയോ,അല്ലെങ്കിൽ ഒരു ഫിൽറ്റർ വഴി നേരിട്ടു കിണറുകളിലേക്ക് ഇറക്കി ഭൂജലത്തിലെത്തിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാകൂ എന്നോർക്കണം.
  ജലദൗർലഭ്യത്തിനു പറയാൻ നൂറുനൂറു കാരണങ്ങൾ ഉണ്ടാവാം.ഭൂരിഭാഗവും നമ്മുടെ അശ്രദ്ധകൊണ്ടും ആർത്തികൊണ്ടും അലസതകൊണ്ടും ലാഭക്കൊതികൊണ്ടും ഒക്കെ സംഭവിക്കുന്നവ.അതിനുള്ള പരിഹാരവും നമുക്കറിയാം.പക്ഷെ ആരും ചെറുവിരൽ അനക്കുന്നില്ലെന്നു മാത്രം.ഇനിയും ഇങ്ങനെ അമാന്തിച്ചു
നിൽക്കാനാണ് ഭാവമെങ്കിൽ ഭാവിയിൽ കനത്ത വില തന്നെ നൽകേണ്ടിവരും എന്ന് മറക്കരുത്!

Back to top button
error: