നൊന്തുപെറ്റ പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ വീട്ടുമുറ്റത്തെ മരത്തിൽ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയിൽ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകൾ ശ്രീനന്ദയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ പകൽ 3 നാണ് കോപ്പാളം കൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് ശ്രീഹരി എന്ന മകൻ കൂടിയുണ്ട്. കുടുംബ പ്രശ്നമാണ് കാരണമെന്ന് ആദൂർ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.