ഓരോ ടൗണുകളുടെയും മുക്കിലും മൂലയിലും ഓരോ രുചികള്‍ ഒളിച്ചിരിപ്പുണ്ടാകും. വലിയ ആർഭാടങ്ങളോ ആരവങ്ങളോ ഇല്ലാത്ത പഴമയുടെ പാരമ്ബര്യങ്ങളുള്ള രുചികള്‍ മുതൽ പുത്തൻ ഭക്ഷണത്തിന്റെ മണം വരെ ഇവിടെയുണ്ട്.
ഓരോ നാടിനും ഓരോ രുചിയാണെന്നു പറയുന്നത് എത്ര ശരിയാണ്. കടുക് പൊട്ടിക്കുന്നത് മുതല്‍ കറി ഇളക്കി വാങ്ങുന്നത് വരെ ഓരോരുത്തർക്കും ഓരോ രീതികളാണ്.ഭക്ഷണ സംസ്ക്കാരം അതത് നാടിന്റെ കൂടി സംസ്കാരമാണ്.അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വയനാട്.
വയനാട്ടിലെ പ്രകൃതിഭംഗിയെയും വശ്യമായ സൗന്ദര്യത്തെയും കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. അത്രയൊന്നും കേള്‍ക്കാതെ പോയത് വയനാടന്‍ രുചികളെക്കുറിച്ചാണ്.
മസാല മുട്ട
വയനാടന്‍ചുരം പിന്നിടുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും നോക്കി വെള്ളമിറക്കിയ ഒരു വിഭവമുണ്ട്. മസാലമുട്ട. ചുരത്തില്‍ മാത്രം സുലഭമായി കിട്ടുന്ന ഒരഡാറ് ഐറ്റം.മേലാസകലം മസാല തേച്ച് ചില്ലുകൂട്ടില്‍ വിങ്ങിയിരുന്ന് വഴിയാത്രക്കാരെ കണ്ണിറുക്കിക്കാണിക്കുന്ന ഈ വിഭവത്തിന് ഇന്ന് ചുരത്തിലെ വ്യൂപോയന്റിനെക്കാളും ആരാധകരുണ്ട്
ആദ്യം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി ചതച്ചെടുത്ത് മാറ്റിവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞ സവാള ചേര്‍ക്കുക. കശ്മീരി മുളകുപൊടി, ചിക്കന്‍മസാല, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി നന്നായി വെന്തുവരുമ്പോള്‍ പുഴുങ്ങിയ മുട്ട ഈ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തീയില്‍നിന്ന് വാങ്ങിവെക്കാം. സംഭവം ഇത്രയേ ഉള്ളൂ. പക്ഷെ ചുരത്തിലിരുന്ന് കാറ്റും കൊണ്ടണ്ട് കഴിക്കുന്നതിന്റെ സുഖം വേറെവിടെങ്കിലും കിട്ടുമോ?
ബീഫ് മസാലക്കറിയും പഴംപൊരിയും
ഹൽവയും മീൻചാറുമെന്നൊക്കെ പറയുന്നപോലെ ഒരു തമാശ കോമ്പിനേഷനാകും ബീഫും പഴംപൊരിയുമെന്നാണ് കരുതിയിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. പഴംപൊരി ബീഫ് മസാലയിൽ കൂട്ടിക്കുഴച്ച് അതിനുപിന്നാലെ കട്ടന്‍ നുണയുന്ന കഥ വയനാടിനും പറയാനുണ്ട്. വയനാട്ടില്‍ ഒരിടത്ത് മാത്രമായി കിട്ടുന്ന വെറൈറ്റി രുചി. കല്‍പ്പറ്റ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന 1980’s എന്ന ഹോട്ടലിലാണ് ഈ വ്യത്യസ്ത രുചിയുള്ളത്. സിനിമാനടന് അബു സലിമിന്റെ മകൻ സാനു സലീമിന്റെ കടയാണിത്.
വയനാട് ദേശത്തില്‍ മുഴുവൻ രുചിയും ഇവിടുത്തെ ബീഫ് മസാലക്കറിയിൽ ആവഹിച്ചിട്ടുണ്ട്. രഹസ്യ മസാല കൂട്ടാണ് ഇവിടുത്തെ നായകൻ. മസാല നല്ലതു പോലെ തിളപ്പിച്ചു പാകമായി കഴിഞ്ഞു മാത്രമേ വേവിച്ച ബീഫ് ഇട്ട് മിക്സ് ആക്കുകയുള്ളു. വിറകടുപ്പിലാണ് വയ്ക്കുന്നത്. അപ്പോള്‍ പിന്നെ രുചിയുടെ കാര്യം എടുത്തു പറയണ്ടല്ലോ? പൊറോട്ടയും ബീഫുമാണ് ഇവിടുത്തെ മറ്റൊരു ഫേമസ് ഐറ്റം. പൊറോട്ട വേണ്ടാത്തവർക്ക് കപ്പ വേവിച്ചതും ബീഫും ലഭ്യമാകും.
പണിയരുടെ ഞണ്ടുകറി
അനേകം ഗോത്രവർഗങ്ങളുടെ സ്വന്തം നാടാണ് വയനാട് ജില്ല.പണിയ വിഭാഗമാണ് വയനാട്ടിലെ ഏറ്റവുംവലിയ സമുദായം.കബനീനദിയുടെ തണ്ണീർത്തട പ്രദേശങ്ങളിൽ കിട്ടുന്ന ഞണ്ടാണ് പണിയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന്.
ഞണ്ട് ചുടുകനലിൽ ചുട്ടെഴുത്ത് കഴിക്കുന്നതാണ് പണിയരുടെ രീതി. കനൽ കൂട്ടി ചൂട് കൂടി വരുമ്പോൾ ഞണ്ടിനെ ഇട്ടു ചുട്ടെടുക്കും. ചുട്ടെടുത്ത ഞണ്ടും മുളകും ചേർത്ത് ചമ്മന്തിയുണ്ടാക്കും. ബജ്ജിയെന്നാണ് ഗോത്രവിഭാഗക്കാർ ചമ്മന്തിയെ വിളിക്കുന്നത്. കരിന്താളും ഞണ്ടുംകൂട്ടി കറിയുണ്ടാക്കുന്
താള് അരിഞ്ഞെടുത്ത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് ഞണ്ടും ചേർത്ത് വേവിച്ചെടുക്കും ആവശ്യത്തിന് ഇഞ്ചിപ്പുളിയും ഉപ്പും മുളകും ചേർത്ത് അരച്ചെടുക്കും. താളുംഞണ്ടും വെന്തുകഴിഞ്ഞാൽ അരച്ചുവച്ച കൂട്ടു ചേർത്ത് ഇളക്കിയെടുക്കും.തവിടുകളയാത്ത ചോറും ഞണ്ടുകറിയുമാണ് പണിയരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പഴമക്കാർ പറയുന്നത്.പകൽമുഴുവൻ പണിയെടുക്കുന്ന പണിയ വിഭാഗക്കാർക്കു നടുവേദനയും ശരീര വേദനയും പതിവാണ്. ശരീരവേദനകൾ മാറാൻ ഒരുപരിധിവരെ ഞണ്ടുകറി സഹായിക്കുമത്രേ.