NEWSWorld

400 മൂർഖൻ പാമ്പുകളുമായി ഒരു പെട്ടിയിൽ 40 ദിവസം ജീവിച്ച ‘പാമ്പ് രാജാവി’നെ അറിയാമോ …? പല തവണ ഗിന്നസ് റെക്കോർഡ് നേടിയ ഇദ്ദേഹം  ഒടുവിൽ മരിച്ചത് മൂർഖന്റെ കടിയേറ്റ്

    ‘പാമ്പ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന അലിഖാൻ ശംസുദ്ദീൻ ധീരതതയുടെ പര്യായമാണ്.  മലേഷ്യക്കാരനായ  ഇദ്ദേഹത്തിൻ്റെ പാമ്പുകളോടുള്ള അഭിനിവേശവും അവയെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ലോകം എമ്പാടുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്.

ചെറുപ്പം മുതൽ തന്നെ അലിഖാൻ പാമ്പുകളോട് അഭിനിവേശം പുലർത്തിയിരുന്നു. 12 വയസുള്ളപ്പോൾ ആദ്യമായി ഒരു പാമ്പിനെ പിടികൂടി. പിന്നീട് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും തന്റെ ജീവിതം മാറ്റിവെച്ചു. പാമ്പുകളുമായി അദ്ദേഹം നടത്തിയ അത്ഭുതകരമായ പ്രകടനങ്ങളാണ് ‘പാമ്പ് രാജാവ്’ എന്ന പേര് നേടിക്കൊടുത്തത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളെപ്പോലും അദ്ദേഹത്തിന് നിഷ്പ്രയാസം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.

Signature-ad

നിരവധി തവണ അലിഖാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. 1997 ൽ, ഒരു ഗ്ലാസ് പെട്ടിയിൽ 6000 തേളുകൾക്കൊപ്പം 21 ദിവസം കഴിച്ചുകൂട്ടിയതിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. എന്നാൽ അതിലും അത്ഭുതകരമായ ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 1989 ൽ, 400 ഓളം മൂർഖൻ പാമ്പുകളുമായി ഒരു ചെറിയ പെട്ടിയിൽ 40 ദിവസം കഴിച്ചുകൂട്ടിയിരുന്നു. ഈ അപകടകരമായ പ്രകടനം ലോകമെമ്പാടുമുള്ള ശ്രദ്ധ ആകർഷിച്ചു. തൻ്റെ കരിയറിലെ 25 വർഷത്തിനിടയിൽ, അലി ഖാനെ പലതരം പാമ്പുകൾ 99-ലധികം തവണ കടിച്ചു, പക്ഷേ ഒരിക്കലും അതൊന്നും ജീവനെടുക്കാൻ പര്യാപ്തമായിരുന്നില്ല. 2006-ൽ കോലാലംപൂരിൽ വച്ചാണ് അദ്ദേഹത്തിൻ്റെ അവസാന ഷോ നടന്നത്.

ക്വാലാലംപൂരിലെ ഷോയ്ക്ക് ശേഷം അലിഖാൻ ശംസുദ്ദീൻ തൻ്റെ മകൻ അംജദ് ഖാനെ വിളിച്ച് കൈയിൽ മൂർഖൻ കടിച്ചതായി പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യ നില കൂടുതൽ വഷളായി. അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു. ഇത് രണ്ടും മരണത്തിലേക്ക് നയിച്ചു. പാമ്പുകളോടുള്ള അലി ഖാന്റെ സ്നേഹവും അവയെ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്നും ഓർമ്മിക്കപ്പെടുന്നു.

അദ്ദേഹത്തിൻ്റെ മകൻ അംജദ് ഖാൻ ഇപ്പോൾ പിതാവിന്റെ പാരമ്പര്യം തുടരുകയാണ്.

Back to top button
error: