ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന.
ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.
അടുത്തിടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന സംഭവം ഏവരേയും ഞെട്ടിക്കുന്നതാണ്. ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു.
വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച് ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.
അടൂർ പട്ടാഴിമുക്കിലായിരുന്നു സംഭവം.ലോറിയിലേക്ക് ഹാഷിം കാർ ഇടിച്ചു കയറ്റുകയായിരുന്നു.രണ്ടു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.തുമ്ബമണ് നോർത്ത് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം(31) എന്നിവരാണു വെള്ളി പുലർച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. അനുജ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍.
ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്. അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടില്‍ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാർ പറയുന്നു.
സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ കുളക്കടയില്‍ വച്ച് വാഹനം തടഞ്ഞാണ് അനുജയെ ഹാഷിം ബലമായി കാറില്‍ കയറ്റിയത്. തന്റെ ബന്ധുവാണ് ഹാഷിം എന്നു പറഞ്ഞ അനുജ, വിഷ്ണു എന്ന പേരിലാണു മറ്റുള്ളവർക്കു പരിചയപ്പെടുത്തിയത്. കാറില്‍ പിടിവലി നടന്നിരിക്കാമെന്നും അതിനു ശേഷമാകാം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്.
മങ്ങാട് ആലേപ്പടിയില്‍ വച്ചു കാറിന്റെ ഇടതുവശത്തെ വാതില്‍ 3 തവണ തുറന്നെന്നും ഒരു കാല് വെളിയിലേക്കു കണ്ടതായും ഏനാദിമംഗലം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മാരൂർ ശങ്കർ വെളിപ്പെടുത്തി. ശങ്കർ അടൂരില്‍നിന്നു രാത്രിയില്‍ മാരൂരിലേക്കു പോകുമ്ബോഴാണ് ഇതു കണ്ടത്. രക്ഷപ്പെടുന്നതിനു വേണ്ടിയാകാം വാതില്‍ തുറന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.അനുജയെ കയറ്റി ഹാഷിം അമിതവേഗത്തില്‍ കാറോടിച്ചു പോയപ്പോള്‍ സഹഅധ്യാപകർക്കു സംശയം തോന്നിയിരുന്നു. അവർ കാറിനു പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല.
അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.