ബോക്സോഫീസിലും തരംഗമായി ആടുജീവിതം. ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്.
പൃഥ്വിരാജാണ് ഒരു പോസ്റ്ററിലൂടെ ആടുജീവിതം സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷനേക്കുറിച്ച് അറിയിച്ചത്. ലോകമെമ്പാടുമുള്ള 1724 സ്ക്രീനുകളില്നിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. മികച്ച പ്രതികരണമായിരുന്നു ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസത്തെ ആഗോള കളക്ഷന്‍ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കര്‍ണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിന്റെ മാസ്റ്റര്‍പീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അര്‍പ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആര്. റഹ്മാന്റെ സംഗീതവും സുനില്‍ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ പുത്തന്‍ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2008-ല്‍ ആരംഭിച്ച ‘ആടുജീവിതം’ വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. നേരത്തേ കമല്ഹാസന്, മണിരത്നം, രാജീവ് മേനോന്, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന് തുടങ്ങി നിരവധി പേര് ‘ആടുജീവിത’ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.