മഞ്ജു വാര്യര്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടം നടിയുടെ പഴയ സിനിമകളാണ്. മലയാള സിനിമാ ലോകത്തെ പ്രഗല്‍ഭരെ പോലും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വെച്ച ഒട്ടനവധി മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ ആ കാലഘട്ടത്തില്‍ പിറന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മഞ്ജുവിനെ മാത്രം മനസില്‍ കണ്ട് ഫിലിം മേക്കേര്‍സ് സിനിമകള്‍ പ്ലാന്‍ ചെയ്യുന്ന ഘട്ടത്തിലാണ് നടി സിനിമാ രംഗം വിട്ടത്. അന്ന് നടിയുടെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതല്ല.
മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം മറ്റൊരു നടിക്കും ആരാധകര്‍ നല്‍കിയില്ല. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോള്‍ സിനിമാ ലോകത്ത് അത് ആഘോഷമായി. മഞ്ജുവിന്റെ പഴയ സിനിമകളില്‍ വന്‍ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമല്‍ ആണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ് കമല്‍.
തന്റെ കരിയറില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടമുള്ള സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്തെന്ന് കമല്‍ പറയുന്നു. കൃഷ്ണഗുഡിയുടെ ഷൂട്ടിംഗ് സമയത്ത് കുറേ പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നു. മഞ്ജുവിന്റെ ചില ഫാമിലി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഭയങ്കര ടെന്‍ഷനിലാണ് ഷൂട്ടിംഗ്. ലൊക്കേഷനില്‍ മഞ്ജു ഭയങ്കര മൂഡ് ഓഫ് ആയിരിക്കും. ഞാന്‍ ചെന്ന് മഞ്ജുവിനെ ഹാപ്പിയാകെന്ന് പറഞ്ഞ് എന്‍കറേജ് ചെയ്ത് വിടും. പക്ഷെ ക്യാമറയുടെ മുന്നില്‍ മഞ്ജു വേറൊരാളാണ്. വളരെ ഹാപ്പിയായി അഭിനയിക്കും.
കഴുതപ്പുറത്ത് മഞ്ജു വരുമ്പോള്‍ ജയറാം കളിയാക്കുന്ന സീനുണ്ട്. കഴുത ഇങ്ങോട്ട് വിളിക്കുമ്പോള്‍ അങ്ങോട്ട് പോകും. അതിന്റെ പുറത്ത് കയറുകയെന്നത് വലിയൊരു അഭ്യാസമായിരുന്നു. മഞ്ജു അടുത്ത് ചെല്ലുമ്പോള്‍ കഴുത ഭീകര ജീവിയെ പോലെയാണ് മഞ്ജുവിനെ നോക്കിയത്. മഞ്ജു അടുത്തെത്തുമ്പോള്‍ ഓടിപ്പോകും. കഴിഞ്ഞ ജന്മത്തില്‍ മഞ്ജു കഴുതായിരുന്നു, പൂര്‍വ ജന്മത്തിലെ വൈരാഗ്യമാണെന്ന് പറഞ്ഞ് ജയറാം കളിയാക്കി.
ഇന്നത്തെ പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ കാലത്ത് ഇതൊക്കെ ഭയങ്കര പ്രശ്‌നമാണെന്നറിയാം. പക്ഷെ ജയറാമിന്റെ രസകരമായ സംസാരങ്ങളാണതെന്നും കമല്‍ പറയുന്നു. അഞ്ചാറ് പേര്‍ കഴുതയെ പിടിച്ച് വെച്ചിട്ടാണ് മഞ്ജുവിനെ അതിന്റെ പുറത്ത് കയറി ഇരുത്തുന്നത്. കുറേ ദൂരെ പോയി കഴുത വരുന്ന ഷോട്ടാണ്. മഞ്ജു കഴുതയോട് എന്തോ സംസാരിക്കുന്നത് കേട്ടു.
കൂടെ ഒരു പയ്യനുമുണ്ട്. മഞ്ജു എന്താണ് പറഞ്ഞതെന്ന് നമുക്കാര്‍ക്കും മനസിലായിട്ടില്ല. കഴിഞ്ഞ ജന്മത്തില്‍ ഇവര്‍ തമ്മില്‍ പ്രേമമായിരുന്നു, ആ പ്രേമം ഓര്‍മ്മിപ്പിച്ചതായിരിക്കുമെന്ന് ജയറാം പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. ഓരോ സിനിമകളും ഓരോ ഓര്‍മ്മകള്‍ സമ്മാനിക്കും. ചിലരെ സിനിമ കഴിഞ്ഞ് കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും കമല്‍ പറഞ്ഞു.