കണ്ണൂര്‍: പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍.
പഴയ കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നും നിഗമനം.
കഴിഞ്ഞ ദിവസമാണ് പയമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറന്‍സിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശി പിടിയിലായത്.
സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നില്‍ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച് കളയവെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ മുന്‍ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയന്‍ ഗോവിന്ദന്, കോടിയേരി ബാലകൃഷ്ണന്, ഒ ഭരതന് എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയില്‍ കണ്ടെത്തിയത്.