വൈക്കം: ചോറ് നല്‍കാത്തതിനെത്തുടർന്ന് അമ്മയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മകനെ ജീവപര്യന്തം ശിക്ഷിച്ച് കോടതി.
വൈക്കം ഉദയനാപുരം കൊച്ചുത്തറത്താഴ്ചയില്‍ നന്ദായിനിയെ (73) ആണ് മകൻ ബൈജു, കാനയിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്‌ത്തി കൊലപ്പെടുത്തിയത്.
കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി രണ്ട് (സ്പെഷ്യല്‍) ജഡ്ജി ജെ.നാസറാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം.
2022 ജനുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ വൈക്കം എസ്.എച്ച്.ഒ. ആയിരുന്ന കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മാതൃഹത്യ നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ സിറില്‍ തോമസ് പാറപ്പുറം കോടതിയില്‍ വാദിച്ചു.