ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഓർമ്മിച്ച് ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടത്തും. ദുഃഖവെള്ളിക്ക് തൊട്ട് മുമ്ബുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിനമായി ആചരിക്കുന്നത്. കുരിശിലേറ്റുന്നതിന് മുമ്ബ് യേശുക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴം
പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. പെസഹ അപ്പം മുറിക്കലും കാല് കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. ശേഷം പിറ്റേദിവസമായ നാളെ യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും നടക്കും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടക്കും.
പെസഹാ അപ്പം പുളിക്കാത്ത മാവ് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഈ അപ്പത്തിനെ പുളിയാത്തപ്പം, കുരിശപ്പം, ഇണ്ട്രി അപ്പം എന്നൊക്കെ പറയാറുണ്ട്. പെസഹാ അപ്പത്തിനും പാലിനും കേരളത്തില്‍ പ്രാദേശികമായി ചില മാറ്റങ്ങള്‍ ഒക്കെ കാണാറുണ്ട്. പാല് കുറുക്ക് ഉണ്ടാക്കി പെസഹാ രാത്രിയില്‍ കഴിക്കുകയോ അല്ലെങ്കില്‍ ദുഃഖവെള്ളി ദിനത്തില്‍ കയ്പ്പ് നീരിനൊപ്പം കട്ടിയായ പാല് കുറുക്ക് ഭക്ഷിക്കുന്നതും ചില ഇടങ്ങളിൽ പതിവുണ്ട്.