കടുത്തുരുത്തി: ഇടുക്കിയില്‍ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരളാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വന്തം പാര്‍ട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നല്കിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാര്‍ത്ഥി ഏത് പാര്‍ട്ടിയില്‍ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.
മുന്നണികളും പാര്‍ട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജനമനസില്‍ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.