ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചര്‍ച്ച നടത്തി. ബെംഗളൂരു നോര്‍ത്തില്‍നിന്നുള്ള സിറ്റിങ് എംപിയായ ഗൗഡയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നീരസത്തിലായിരുന്നു. മൈസൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണു റിപ്പോര്‍ട്ട്.
ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയുടെ പേരാണ് സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചത്. രണ്ട് ദിവസം മുന്‍പ് ശോഭ, സദാനന്ദ ഗൗഡയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍നിന്നു മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടിയുടെ നടപടികളെ വിമര്‍ശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു.
മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയ ഷെട്ടര്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെലഗാവിയില്‍നിന്നു മത്സരിക്കുമെന്നാണ് വിവരം.