IndiaNEWS

ഒരു വിട്ടുവീഴ്ചയുമില്ല, അനാവശ്യമായ ഭീതിയും വേണ്ട; സി.എ.എ പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: സി.എ.എയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

എന്തുകൊണ്ടാണ് സി.എ.എയെ എതിര്‍ക്കുന്നതെന്ന് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ നമ്മുടെ നിലപാടുകള്‍ പൊതുസമൂഹത്തില്‍ വിശദീകരിക്കേണ്ടതുണ്ട്. സി.എ.എ തന്റെ സര്‍ക്കാരിന്റെ തീരുമാനമായതുകൊണ്ട് അത് എങ്ങനെ രാജ്യത്തിന് ഗുണകരമാകുമെന്ന് താന്‍ വിശദീകരിക്കും. എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

Signature-ad

രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് സി.എ.എ നടപ്പാക്കിയതെന്ന വിമര്‍ശനം അമിത് ഷാ തള്ളി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ തന്നെ സി.എ.എ നടപ്പാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയതാണ്. 2019ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സി.എ.എ പാസാക്കിയിട്ടുണ്ട്. കോവിഡ് മൂലമാണ് അത് നടപ്പാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ കൊണ്ടുവരുന്നതിന് സമയവും രാഷ്ട്രീയ നേട്ടമോ നഷ്ടമോ എന്നതും വിഷയമല്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രീണനമാണ് പ്രതിപക്ഷം നടത്തുന്നത്. സി.എ.എ രാജ്യത്തിന് വേണ്ടിയുള്ള നിയമമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സി.എ.എ നടപ്പാക്കുമെന്ന് താന്‍ 41 തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

 

Back to top button
error: