2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം നടത്തി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാകും ഭൂമി ഏറ്റെടുക്കുക.
വിമാനത്താവള നിർമാണത്തിനായി 1000.28 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബിലീവേഴ്സ് ചർച്ചിൻെറ കൈവശമിരിക്കുന്ന ചെറുവളളി എസ്റ്റേറ്റാണ്.ഏറ്റെടുക്കുന്ന 437 സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് ഒപ്പം ചെറുവളളി എസ്റ്റേറ്റ് ഭൂമിയുടെ കാര്യവും വിജ്ഞാപനത്തിലുണ്ട്.
എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രസ്റ്റിന് എതിരെ സർക്കാർ കേസ് നല്കിയിട്ടുളള കാര്യം വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ കോടതിയില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍, കോടതി തീർപ്പ് അനുസരിച്ചേ ഭൂമിയുടെ നഷ്ടപരിഹാരം നല്കു.
കേസ് നടക്കുന്ന പാലാ സബ് കോടതിയില്‍ പണം കെട്ടിവെച്ചാണ് ഇപ്പോള്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്നത്. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഗ്രീൻഫീല്‍ഡ് വിമാനത്താവളം 2027ല്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.