തിരുവനന്തപുരം: കേരളത്തിലെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ നല്‍കുന്ന സൂചന. പല മണ്ഡലങ്ങളിലും ബിജെപി വലിയ ശക്തിയായി ഉയര്‍ന്നുവന്നതോടെ ആശങ്കയിലായ ഇടതു, വലതു മുന്നണികള്‍ പരസ്യ ബാന്ധവത്തിനുപോലും ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
”കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട് ഓരോ ദിവസവും ഇരു മുന്നണികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകും.
”പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി പ്രവേശനത്തിനു ശേഷം എല്ലാ ജില്ലകളിലും കോണ്‍ഗ്രസില്‍നിന്നും ഇടതു മുന്നണിയില്‍നിന്നും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച് നേതാക്കളും ജനവും ഞങ്ങളോടൊപ്പം അണിനിരക്കുന്ന സാഹചര്യം ഉണ്ടാകും. ഈ തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട കക്ഷിയായി ദേശീയ ജനാധിപത്യ സഖ്യം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
”പല മണ്ഡലങ്ങളിലും എന്‍ഡിഎ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായി ഉയര്‍ന്നുവന്നിരിക്കുന്നു. ഇവിടങ്ങളിലെല്ലാം ഇരു മുന്നണികളും ആശങ്കയിലാണ്. പലയിടത്തും എല്‍ഡിഎഫ് യുഡിഎഫ് ധാരണയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്. എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ അത്തരത്തിലുള്ള എല്‍ഡിഎഫ് യുഡിഎഫ് പരസ്യ ബാന്ധവത്തിന് ശ്രമം നടക്കുന്നു.
”ഇന്നലെ തിരുവനന്തപുരത്ത് മുതാക്കല്‍ പഞ്ചായത്തില്‍ പരസ്യമായി എല്‍ഡിഎഫ് യുഡിഎഫ് സഖ്യം നാം കണ്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് യുഡിഎഫ് സഖ്യത്തിനാണ് ശ്രമം നടക്കുന്നത്. ദേശീയ തലത്തിലുള്ള മുന്നണി കേരളത്തിലും യാഥാര്‍ഥ്യമാക്കാനാണ് പിണറായി വിജയനും വി.ഡി. സതീശനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരു മുന്നണികളുടെയും നിലനില്‍പ് അപകടത്തിലായിരിക്കുകയാണ്.
”യുഡിഎഫ് വല്ലാത്ത പരിഭ്രാന്തിയിലാണ്. അതുകൊണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നൊക്കെ പറയുന്ന നടപടികള്‍ ഉണ്ടായത്. പക്ഷേ, ഒന്നും വിലപ്പോവില്ല. ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണ്, എന്‍ഡിഎയ്ക്ക് ഒപ്പമാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഇരു മുന്നണികളുടെയും രാഷ്ട്രീയം അവസാനിക്കും. പുതിയൊരു രാഷ്ട്രീയം കേരളത്തില്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും.
”പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. എല്ലാം നാളെ 11 മണിയോടെ നിങ്ങള്‍ക്ക് ബോധ്യമാകും. കോണ്‍ഗ്രസില്‍നിന്ന് നാളെത്തന്നെ പ്രധാന നേതാക്കളെത്തും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വികസനവിരുദ്ധ നയങ്ങളിലും മണ്ഡലത്തെ അവഗണിക്കുന്നതിലും സംസ്ഥാനത്ത് പൊതുവെ കോണ്‍ഗ്രസ് എടുക്കുന്ന സമീപനങ്ങളില്‍ പ്രതിഷേധിച്ചും ബഹുമാന്യരായ നേതാക്കള്‍ ബിജെപിയിലെത്തും.
ഇടതുമുന്നണിയില്‍നിന്നുള്ള നേതാക്കള്‍ നാളെയില്ല. പക്ഷേ, വരും ദിവസങ്ങളില്‍ ഇടതു നേതാക്കളും ബിജെപി പാളയത്തിലേക്കെത്തും. പത്തനംതിട്ടയില്‍നിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയില്‍ ചേരും.’ സുരേന്ദ്രന്‍ പറഞ്ഞു.