NEWS

കട്ടപ്പന ഇരട്ടകൊലപാതകം കൂടുതൽ സങ്കീർണമാകുന്നു: കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയിൽ ഒഴുക്കിയെന്ന് പ്രതി നിധീഷ്

കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസ് കൂടുതൽ സങ്കീർണമാകുന്നു. രണ്ടു ദിവസം നടത്തിയ തെരച്ചിലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്താനായില്ല. സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ നിധീഷ്, വിഷ്ണു, വിഷ്ണുവിന്റെ സഹോദരി അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞു എന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.

നാളെ കസ്റ്റഡി കാലാവധി തീരാനിരിക്കെ പ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പരമാവധി തെളിവുകൾ കണ്ടെത്താനാണ്  ശ്രമം. തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം കൊല്ലപ്പെട്ട വിജയൻ അയ്യപ്പൻകോവിലിൽ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും.വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല. കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

Signature-ad

കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിൽ ഒൻപത് മാസത്തിലധികമായി വിഷ്ണു, മാതാവ് സുമ, സഹോദരി വിദ്യ, നിധീഷ് എന്നിവർ താമസിച്ചിരുന്നതായി വിശ്വസിക്കാൻ അയൽവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.ചില രാത്രികളിൽ മാത്രം പുറത്ത് കണ്ടിട്ടുള്ള നിധീഷിനെയും,അയല്പക്കത്തെ വീട്ടിൽ വെള്ളം എടുക്കാൻ എത്തിയിരുന്ന വിഷ്ണുവിനെയും മാത്രമാണ് നാട്ടുകാർക്ക് അറിയാമായിരുന്നത്. രണ്ട് പേരാണ് താമസിക്കുവാൻ ഉള്ളതെന്ന് വീട്ടുടമയെയും വിശ്വസിപ്പിച്ചു.

സുമയും,വിദ്യയും വീടിനുള്ളിൽ ഉള്ളതായുള്ള ഒരു സൂചനയും അയൽവാസികൾക്ക് ഇല്ലായിരുന്നു. വാടകയ്ക്ക് താമസം ആരംഭിച്ച ആദ്യകാലങ്ങളില്‍ വിജയനനെ കണ്ടതായി ചിലർ പറയുന്നുണ്ട്. ആഭിചാര ക്രിയകൾ ചെയ്യുന്ന നിധീഷിന്റെ നിർദേശപ്രകാരമാണ് കുടുംബം മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചത്. വീടിനുള്ളിൽ ഒരു മുറിയിൽ കഴിയുന്ന മകളെ കാണുവാൻ പോലും അമ്മ സുമയെ അനുവദിച്ചിരുന്നില്ല. കറുത്ത കർട്ടനുകൾ ഉപയോഗിച്ച് എല്ലാം ജനാലകളും അടച്ചിരുന്നു. അടുക്കള ഉണ്ടെങ്കിലും ഭക്ഷണം പാകം ചെയ്തിട്ടില്ല. എന്നാൽ വിദ്യ കഴിഞ്ഞിരുന്ന മുറിയിൽ ഭക്ഷണം പാകം ചെയ്തിരുന്നു. ഈ മുറിയിൽ കിളികളെയും വളർത്തിയിരുന്നു.
നേരത്തെ ഹരിതകര്‍മ സേന വീട്ടുമാലിന്യം ശേഖരിക്കാൻ വീട്ടിൽ വന്നിരുന്നെങ്കിലും ആരെയും കണ്ടിരുന്നില്ല.

തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്തംഗം രമ മനോഹരന്‍ വീട്ടിലെത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ആഭിചാര ക്രിയകൾക്കായി വീട്ടിൽ രണ്ടിടത്തായി പ്രത്യേക രീതിയിൽ കറുത്ത പടുത ഉപയോഗിച്ച് മറച്ചിട്ടുണ്ട്. ഇതിനുള്ളിൽ ചില ഫോട്ടോകളും വിളക്കുകളും ഉൾപ്പടെ വച്ചിട്ടുണ്ട്. മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചു വിജയനെയും, സുമയെയും, വിഷ്ണുവിനെയും ആഭിചാര ക്രിയകളിൽ ആകൃഷ്ടരാക്കിയാണ് നിധീഷ് ഇവരുടെ വിശ്വാസം  നേടിയെടുത്തത്.

Back to top button
error: