ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. സഖ്യകക്ഷികളായ ബിജെപിയും ജനനായക് പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കേന്ദ്രമന്ത്രി അര്ജുന് മുണ്ടെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് എന്നിവര്‍ നിരീക്ഷകരായി ഹരിയാനയിലെത്തും. നയാബ് സയ്നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ ഖട്ടര്‍ മല്‍സരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.
ഹരിയാനയില്‍ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി. ഖട്ടര്‍ രാവിലെ ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണയ്ക്കു സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം വിളിച്ചിരുന്നു. സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. അതേസമയം ദുഷ്യന്ത് പട്ടേലും എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
ലോക്സഭയിലേക്കു സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളും ബിജെപി സ്വന്തമാക്കി. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. ഹിസാറിലെ സിറ്റിങ് എം.പി. ബ്രിജേന്ദ്ര സിങ് ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്.
രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി. തള്ളിയതോടെയാണ് ഹരിയാനയില്‍ തര്‍ക്കം തുടങ്ങിയത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ദുഷ്യന്ത് ചൗട്ടാല ഡല്‍ഹിയില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച രാവിലേക്ക് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സഭയില്‍ 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ.ജെ.പിയുമായി സഖ്യത്തിലാണ് സര്‍ക്കാര്‍ ഭരിക്കുന്നത്. കര്‍ഷക സമരവും ജെ.ജെ.പിയെ സഖ്യം വിടാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.