IndiaNEWS

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു, കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി; എന്താണ് ഈ ബില്‍, ഇത് പൗരത്വത്തെ എങ്ങനെ ബാധിക്കും എന്നും അറിയുക

    രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. നിയമ ഭേദഗതിയുടെ ചട്ടങ്ങളും നിലവില്‍ വന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയ പ്രധാന വാഗ്ദാനമായിരുന്നു ഇന്ത്യയിൽ പൗരത്വ നിയമം ഭേദഗതി ചെയ്തു നടപ്പിലാക്കും എന്നത്.

  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാവില്ലെന്ന് പറഞ്ഞു.

Signature-ad

തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നടപടിയാണെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളെ വിഭജിക്കാനും  ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കി. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പുതിയ ബില്‍ 1955 ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, ’16 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്കു സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേറ്റോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ.

Back to top button
error: