കൊച്ചി: വിമർശനങ്ങള്‍ക്ക് ലാഭത്തിലൂടെ മറുപടി നല്കി കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജ്. കോർപ്പറേഷന്റെ ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്ബോള്‍ ലഭിച്ചത് 51.60 ലക്ഷം രൂപയാണ്.നടത്തിപ്പ് ചെലവായത് വെറും 12.53 ലക്ഷം രൂപ മാത്രം!
കഴിഞ്ഞ വനിതാദിനത്തിലാണ് കൊച്ചിയിലെത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കാൻ ഷീ ലോഡ്ജ് ആരംഭിച്ചത്.പുറത്തെ ലോഡ്ജുകളിൽ താമസിക്കാൻ കുറഞ്ഞത് 500 രൂപയെങ്കിലും വേണമെങ്കില്‍ വെറും 100 രൂപയ്ക്കായിരുന്നു താമസസൗകര്യം.
മുറികളെല്ലാം ബാത്ത് അറ്റാച്ച്ഡാണ്. സൗരോർജ സംവിധാനം വഴി എല്ലാ മുറികളിലും ചൂടുവെള്ളവും ലഭിക്കും. ഡൈനിംഗ് ടേബിള്‍, മേശ, കസേര തുടങ്ങിയവയുമുണ്ട്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഉച്ചയൂണും കുറഞ്ഞനിരക്കില്‍ മറ്റ് ആഹാരവും ലഭിക്കുന്ന സമൃദ്ധി@കൊച്ചി ഭക്ഷണശാല.