KeralaNEWS

”വിജിലന്‍സ് അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശും കുറ്റവിമുക്തര്‍, അന്ന് ഇരയായത് ഞാന്‍; മുന്‍വിധിയോ വിവേചനമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പറഞ്ഞത് പിണറായി”

തിരുവനന്തപുരം: കേരളത്തില്‍ ഉറച്ച നിലപാടുകളെടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിമാര്‍ കെ കരുണാകരനും പിണറായി വിജയനുമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ വിശ്വാസ് മേത്ത. കേരളം വിവാദങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്നും പരസ്പരം കാലുവാരുന്ന പ്രവണതയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

”പിണറായി വിജയന്റെ കീഴില്‍ ആഭ്യന്തര സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം അദ്ദേഹം എന്നോട് പറഞ്ഞത് മുന്‍വിധിയോ വിവേചനമോ ഇല്ലാതെ പ്രവര്‍ത്തിക്കണമെന്നാണ്. എനിക്കത് വലിയ ഞെട്ടലായിരുന്നു. ജോലിയില്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അദ്ദേഹം ഒരിക്കലും നിയന്ത്രിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ഒരു ലിസ്റ്റ് നല്‍കി. പൂര്‍ത്തിയാക്കേണ്ട പ്രോജക്ടുകളുടെ ലിസ്റ്റായിരുന്നു അത്. അതനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്”- വിശ്വാസ് മേത്ത പറഞ്ഞു.

Signature-ad

ഇതൊരു ജനാധിപത്യ നാടാണ്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാം. എന്നാല്‍, കേരളം ഇന്ന് വിവാദങ്ങളുടെ നാടായി മാറിയിരിക്കുകയാണ്. പരസ്പരം കാലുവാരുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയും വിവാദങ്ങള്‍ സംഭവിക്കുന്നതെന്ന് അറിയില്ല. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശക്തരായതുപൊലെ എന്തുകൊണ്ട് കേരളത്തിന് സാമ്പത്തിക മേഖലയിലും ശക്തരാകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനുഷ്യത്വമുള്ള ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, അദ്ദേഹത്തിന്റെ ഭരണ കാലയളവിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നു. ”ഭൂമി കുംഭകോണം നടന്നപ്പോള്‍ ഞാന്‍ റവന്യൂ സെക്രട്ടറിയായിരുന്നു. അന്ന് മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ ഇരയായത് ഞാന്‍ ആണ്. മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ എനിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അത് സംഭവിച്ചത്. ഹര്‍ജിയിലെ ഒന്നാം പ്രതി ഉമ്മന്‍ചാണ്ടി, രണ്ടാം പ്രതി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മൂന്നാം പ്രതി വിശ്വാസ് മേത്ത. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ ആദ്യ രണ്ടു പേരും ഒന്നും ചെയ്തിട്ടില്ല. മുഴുവന്‍ കുറ്റവും ചെയ്തത് വിശ്വാസ് മേത്ത ആയി. കേസ് പ്രതിരോധിക്കാന്‍ എനിക്ക് രണ്ടര ലക്ഷം മുടക്കേണ്ടി വന്നു” – വിശ്വാസ് മേത്ത പറഞ്ഞു.

Back to top button
error: