KeralaNEWS

പലസ്തീനും പത്മജയും അയോധ്യയും; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എല്‍.ഡി.എഫ്

തിരുവനന്തപുരം: അയോധ്യ, പലസ്തീന്‍, പത്മജ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി ഇടത് മുന്നണി. കഴിഞ്ഞ തവണ കൈവിട്ട ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള എല്‍.ഡി.എഫ് പ്രചാരണം. ബി.ജെ.പി സംസ്ഥാനത്തെ പലതരത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും യു.ഡി.എഫ് മൗനം പാലിക്കുന്നുവെന്നും എല്‍.ഡി.എഫ് പ്രചാരണം നടത്തുന്നുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന പ്രതീതിയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും എല്ലാം കഴിഞ്ഞ തവണത്തെ വമ്പന്‍ തോല്‍വിയുടെ കാരണമായിട്ട് സി.പി.എം വിലയിരുത്തിയിരുന്നു. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം കഴിഞ്ഞ തവണത്തേത് പോലെ യു.ഡി.എഫിന് അനൂകൂലമാകാതിരിക്കാന്‍ ഇത്തവണ സകല തന്ത്രങ്ങളും പയറ്റുകയാണ് ഇടത് മുന്നണി. ന്യൂനപക്ഷങ്ങളുടെ മനസില്‍ കനലായി കിടക്കുന്ന പലസ്തീന്‍, മണിപ്പൂര്‍ വിഷയങ്ങളിലേക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ് പ്രചാരണ വേദികളില്‍ നേതാക്കള്‍. ബാബറി മസ്ജിദ് പൊളിച്ചിടത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത നിലപാടിനെ എടുത്ത് പറയുന്നുണ്ട് മുഖ്യമന്ത്രി.

Signature-ad

പത്മജയുടെ ബിജെപി പ്രവേശമാണ് മറ്റൊരു തെരഞ്ഞെടുപ്പ് അജണ്ട. ഇന്നും നാളെയുമായി ഇടത് മുന്നണിയുടെ എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. ബൂത്ത് കമ്മിറ്റികള്‍ സജീവമാകാനും മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Back to top button
error: