കാഞ്ഞങ്ങാട്: സിറ്റി ഗോൾഡ് ജ്വലറിയുടെ ചെറുവത്തൂർ ശാഖയിൽ നിന്ന് അഞ്ച് മാസം മുമ്പ് 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ജ്വലറിയിലെ സെയിൽസ്മാനായ കർണാടക ബെൽത്തങ്ങാടി താലൂക് പരിധിയിലെ ഇർഫാനെ (26) ആണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്വലറി ഡയറക്ടർ മുഹമ്മദ് മിർസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2023 നവംബർ 12നും 2024 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നിരവധി തവണകളിലായും ജ്വലറിയിൽ നിന്നും സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് പരാതി. ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ജീവനക്കാരൻ പിടിയിലായത്.