KeralaNEWS

ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന് ആക്കംപകര്‍ന്ന് കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്ന ബി.ജെ.പി. രീതി ഉത്തരേന്ത്യൻ മണ്ണിലേ തളിർക്കൂവെന്ന് ആവർത്തിച്ചാണയിട്ട കേരളനേതാക്കള്‍ക്കേറ്റ പ്രഹരമാണ് പത്മജാ വേണുഗോപാലിന്റെ കൂടുമാറ്റം.

മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കളെ ബി.ജെ.പി. കൊണ്ടുപോയതിന്റെ ആഘാതത്തില്‍നിന്ന് കോണ്‍ഗ്രസിന് എളുപ്പത്തില്‍ രക്ഷപ്പെടാനാവില്ല.

Signature-ad

‘ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബി.ജെ.പി.’ എന്ന ഇടതുപക്ഷത്തിന്റെ പ്രചാരണവാക്യത്തിന് ആക്കംപകരുന്നതാണ് അനില്‍ അന്റണിയുടെയും പത്മജയുടെയും കൂടുമാറ്റം.

കേരളത്തില്‍ പരസ്പരം മത്സരിക്കുമ്ബോള്‍ ബി.ജെ.പി.യെ എതിർക്കുന്നതില്‍ യു.ഡി.എഫിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്താണ് എല്‍.ഡി.എഫ്. ജനങ്ങളിലേക്ക് ഇറങ്ങുന്നത്. അനില്‍ ആന്റണി ബി.ജെ.പി. പാളയത്തിലെത്തിലേക്കു പോയപ്പോള്‍ അവഗണിച്ച്‌ മറികടക്കാൻ കോണ്‍ഗ്രസിന് ഒരു പരിധിവരെ കഴിഞ്ഞിരുന്നു. കേരളത്തിന്റെ രാഷ്ട്രീയമണ്ണില്‍ ആന്റണിയെ അല്ലാതെ അദ്ദേഹത്തിന്റെ മകനെ അധികമാരും കണ്ടിട്ടില്ലെന്നതാണ് കോണ്‍ഗ്രസിനെ തുണച്ചത്.

എന്നാല്‍ ‘ലീഡർ’ എന്ന ഒറ്റവാക്കിന്റെ ഐഡന്റിറ്റിയിലാണ് പത്മജ നേതാവായതെങ്കിലും ഇപ്പോള്‍ എ.ഐ.സി.സി. അംഗവും കെ.പി.സി.സി.യുടെ രാഷ്ട്രീയ കാര്യസമിതി അംഗവുമാണ്. അങ്ങനെ അവഗണിക്കാവുന്നതല്ല എന്നർഥം.

തൃശ്ശൂർ എടുക്കാൻ ഒരുങ്ങുന്ന ബി.ജെ.പി.ക്ക് അതേ മണ്ണിലെ വോട്ടർമാർക്ക് വൈകാരിക അടുപ്പമുള്ള നേതാവിന്റെ മകളെ കൂടെകിട്ടുക എന്നത് വലിയ നേട്ടമാണ്. അതേസമയം  ഇടതുപക്ഷത്തിന് വേരുറപ്പുള്ള വടകരയുടെ മണ്ണില്‍ അങ്കത്തിനിറങ്ങുന്ന മുരളിക്ക് പത്മജ നല്‍കിയത് മുറിച്ചുരികയാകുമോയെന്ന് കണ്ടറിയണം.

Back to top button
error: