കോഴിക്കോട്: വിചാരണയ്ക്കും മര്‍ദനത്തിനും എസ്.എഫ്.ഐ. താവളമാക്കുന്ന കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോളേജിനുസമീപത്തെ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി സി.ഐ. മെല്‍വിന്‍ ജോസ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. റോഡുവികസനത്തിനായി ഈ വീടും സ്ഥലവും നേരത്തേ റവന്യു വിഭാഗം ഏറ്റെടുത്തതാണ്. എന്നാല്‍, പൊളിക്കാതിരുന്ന വീടും പരിസരവുമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ എതിരാളികളെ നേരിടാന്‍ ഇടിമുറിയായി ഉപയോഗിച്ചുവരുന്നത്. മാര്‍ച്ച് ഒന്നിന് രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി പയ്യോളി കണ്ണംവെള്ളി സി.ആര്‍. അമലിനെ ക്രൂരമായ മര്‍ദനത്തിനിരയാക്കിയതും ഈ വീട്ടിലായിരുന്നു.
ഇതിനിടെ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ അമലിന്റെ പേരില്‍ കേസെടുത്ത വാര്‍ത്തയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ കൊയിലാണ്ടി സി.ഐ.യെ സന്ദര്‍ശിച്ചു. കേസ് പിന്‍വലിക്കണമെന്നതായിരുന്നു ആവശ്യം. പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്ന അന്വേഷണറിപ്പോര്‍ട്ട് ആന്റി റാഗിങ് കമ്മിറ്റി പോലീസിന് കൈമാറി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിനെ റാഗുചെയ്തെന്ന് പറഞ്ഞാണ് ഫെബ്രുവരി 21-ന് കോളേജില്‍ അടിയുണ്ടായത്. ഇതിനുപിന്നില്‍ അമലാണെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയത്. എന്നാല്‍, അനുനാഥിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യത്തില്‍ അമലില്ലായിരുന്നു. പോലീസും ഇത് സമ്മതിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍, അമല്‍ പറഞ്ഞതനുസരിച്ചാണ് അനുനാഥിനെ മര്‍ദിക്കാന്‍പോയതെന്ന് അതിലുള്‍പ്പെട്ട വിദ്യാര്‍ഥികളെക്കൊണ്ട് മൊഴികൊടുക്കാന്‍ സമ്മര്‍ദംചെലുത്തുന്നതായി ആരോപണമുണ്ട്. പുതിയ പരാതികള്‍ അന്വേഷിക്കാന്‍ കോളേജ് അധികൃതര്‍ അന്വേഷണക്കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.